മാലിന്യമുക്ത പ്രവർത്തനത്തിന് വിദ്യാർത്ഥികൾ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ച് കോടോം-ബേളൂർ പഞ്ചായത്ത്
അട്ടേങ്ങാനം: മാലിന്യ മുക്ത പ്രവർത്തനത്തിന് പിൻതുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ച് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത്.അട്ടേങ്ങാനത്ത് ബേളൂർ ശ്രീശിവക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചാണ് കുട്ടികളുടെ ഹരിത സഭ നടന്നത്. റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ: എം.എസ്സ്. പീതംബരൻ ഹരിതസഭ ഔപചാരികമായി ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷത വഹിച്ചു. ഹരിതസഭയിൽ പതിനൊന്നു സ്കൂളുകളിൽ നിന്നുമായി 190 വിദ്യാർത്ഥിനി വിദ്യാർത്ഥികൾ പങ്കെടുത്തു.മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, മാലിന്യ,വലിച്ചെറിയൽ മുക്തമായ ഒരു സമൂഹം വാർത്തെടുക്കുക, വിദ്യാലയങ്ങളെ പൂർണമായും ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക, മാലിന്യസംസ്കരണത്തിന്റെപ്രാധാന്യം സമൂഹത്തിൽ വിദ്യാർത്ഥികളിലൂടെ എത്തിക്കുക തുടങ്ങിയവയാണ് ഹരിതസഭയുടെ ഉദ്ദേശം.ഉത്ഘാടന പരിപാടികൾക്ക് ശേഷം വേദി പൂർണമായി കുട്ടികൾക്ക് വിട്ടു നല്കി. സ്കൂളുകളിൽ നടന്നുവരുന്ന മാലിന്യ സംസ്കാരണ പ്രവർത്തനങ്ങളെ കുറിച്ചും മാലിന്യ സംസ്കരണ രംഗത്ത് തദ്ദേശസ്ഥാപനത്തിന്റെ ഇടപെടലുകളും കുട്ടികൾ വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നു അതാത് സ്കൂളിന്റെ റിപ്പോർട്ട് അവതരണത്തിൽ, വ്യക്തമായി. കുട്ടികളിൽ നിന്നും ഉയർന്നുവന്ന സംശയങ്ങൾക് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിത്രൻ ഒ വി, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ വത്സരാജ് എന്നിവർ മറുപടി പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, സ്ഥിരം സമിതി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, സ്ഥിരം സമിതി ചെയർമാൻ ഗോപാലകൃഷ്ണൻ മുണ്ടിയാനം, സ്ഥിരം സമിതി അധ്യക്ഷ ശൈലജ പുരുഷോത്തമൻ, മെമ്പർമാരായ പി ഗോപി, രാജീവൻ ചീരോൽ തുടങ്ങിയവർ ആശംസകൾ നേർന്നു. ഹരിതസ്ഥാപനങ്ങൾക്കുള്ള പോസ്റ്റർ ചടങ്ങിൽ സ്കൂളിലെ അധ്യാപകർ ഏറ്റുവാങ്ങി.ശുചിത്വോത്സവം അന്താരാഷ്ട്ര ഉച്ചകോടിയിൽ വിഷയവതരണം നടത്താൻ അവസരം ലഭിച്ച അനുനന്ദയ്ക്കു ചടങ്ങിൽ ഉപഹാരം നൽകി. സെക്രട്ടറി ജെയ്സൺ ആന്റണി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് റിസോർസ് പേഴ്സൺ രാമചന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
No comments