Breaking News

എസ് പി സി കേഡറ്റുകൾക്ക് മധുരം നൽകി സ്വീകരിച്ച് ജില്ലാ പോലീസ് മേധാവി


കാസർഗോഡ് : ലക്ഷ്യബോധമുള്ള മാതൃകാ വ്യക്തികളായി വിദ്യാർത്ഥികൾ മാറണമെന്ന് ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐ പി എസ് അഭിപ്രായപ്പെട്ടു. ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ സന്ദർശനം നടത്തിയ ടി.ഐ.എച്ച്.എസ്.എസ് നായന്മാർമൂല സ്കൂളിലെ സീനിയർ എസ് പി.സി കേഡറ്റുകളുമായി സംവദിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. സമൂഹത്തിൽ നന്മയും തിന്മയുമുണ്ടെന്നും എസ് പി സി കേഡറ്റുകൾ എം. ഡി എം എ , കഞ്ചാവ് പോലെയുള്ള മാരക ലഹരിക്കെതിരെ പ്രതികരിക്കുന്ന യോദ്ധാക്കളായി മാറണമെന്നും അതോടൊപ്പം ഓരോ വിദ്യാർത്ഥിയും ഭാവിയെ സംബന്ധിച്ച് വ്യക്തമായ ലക്ഷ്യമിട്ട്  അത് നേടിയെടുക്കുന്നതിനുള്ള നിരന്തര പരിശ്രമം നടത്തണമെന്നും പറഞ്ഞു. കേഡറ്റുകളോട് താൻ ഐ പി എസ് നേടാൻ എടുത്ത പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും കേഡറ്റുകളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. എസ് പി. സി ജില്ലാ നോഡൽ ഓഫീസറും അഡീഷണൻ  എസ് പി യുമായ പി ബാലകൃഷ്ണൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം സുനിൽകുമാർ, എസ് പി സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ  ടി തമ്പാൻ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇല്യാസ് മാസ്റ്റർ, ഡ്രിൽ ഇൻസ്ട്രക്റ്റർമാരായ പ്രശാന്ത് എൻ ആർ ,പ്രസീത ടി, പ്രോജക്ട് അസിസ്റ്റൻ്റ് ശ്യാം കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ശേഷം കേഡറ്റുകൾ ജില്ലാ ആസ്ഥാനത്തുള്ള പോലീസ് ഡോഗ് സ്ക്വാഡിനെ  സന്ദർശിച്ചു. ട്രെയിനേഴ്സായ ശ്രീജിത്ത് കുമാർ, സുജിത്ത്  എന്നിവർ പോലീസ് ഡോഗ്  മണം പിടിച്ച് ബോംബ്, ലഹരി വസ്തുക്കൾ തുടങ്ങിയവ എങ്ങിനെയാണ് കണ്ടെത്തുന്നതെന്നും  മറ്റും വിവരിച്ച് കൊടുത്തു. സീനിയർ പോലീസ് ഓഫീസർ ബിജുമോൻ പി ജില്ലാ സായുധ സേനാ ക്യാമ്പിലുള്ള ആയുധങ്ങളും, തിരകളും, വിവിധയിനത്തിലുള്ള ഗ്രനേഡുകളും ഷെല്ലുകളും കേഡറ്റുകൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു.

No comments