ട്രെയിൻ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേൽപ്പിച്ച കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ
കാഞ്ഞങ്ങാട് : ട്രെയിൻ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേൽപിച്ച ആളെ റെയിൽവേ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് ചിത്താരി സ്വദേശി മുഹമ്മദ് റിയാസ്(31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ റിയാസ്, കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് തലക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത റെയിൽവേ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കാസർകോട് സ്റ്റേഷൻ എസ്എച്ച്.ഒ റെജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ എംവി പ്രകാശൻ, എ.എസ്.ഐ ഇല്ല്യാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപൻ, സിപിഒ ജ്യോതിഷ് എന്നിവരടങ്ങിയ സംഘം ജില്ലയിലുടനീളം അന്വേഷണം നടത്തിയിരുന്നു. നാലുദിവസമായി നൂറോളം സിസിടിവി ക്യാമറകളും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽഫോൺ ടവർ ലൊക്കേഷനുകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കും.
No comments