ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ 163 ബോട്ടിൽ ഗോവൻ നിർമ്മിത വിദേശ മദ്യം കാസർഗോഡ് റെയിൽവേ പൊലീസ് കണ്ടെത്തി
കാസർകോട്: ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ 163 ബോട്ടിൽ ഗോവൻ നിർമ്മിത വിദേശ മദ്യം റെയിൽവേ പൊലീസ് കണ്ടെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ എം റെജികുമാറിന്റെ നിർദ്ദേശത്തിൽ കോമ്പിംഗ് ഡ്യൂട്ടിയുടെ ഭാഗമായി ട്രെയിനിലും പ്ലാറ്റ്ഫോമിലും എസ് ഐ എം വി പ്രകാശൻ, സിവിൽ പൊലീസ് ഓഫീസർ ജോസ്, അഖിലേഷ്, നിജിൻ, ജ്യോതിഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് ട്രെയിനിൽ മദ്യം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി മരുസാഗർ എക്സ്പ്രസ് ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ട്രെയിനിന്റെ ജനറൽ കമ്പാർട്ട്മെന്റിലെ ബാത്റൂമിന് സമീപം ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മദ്യം. 180 മില്ലി ലിറ്റർ വീതമുള്ള 163 ബോട്ടിൽ ഗോവൻ നിർമ്മിത റം മദ്യം ആണ് ചാക്കിൽ ഉണ്ടായിരുന്നത്. ഗോവയിൽ നിന്ന് മധ്യകേരളത്തിലേക്ക് ആണ് മദ്യകടത്തെന്നു സംശയിക്കുന്നു. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
No comments