Breaking News

ട്രെയിൻ യാത്രക്കാരന്റെ 75,000 രൂപ വില വരുന്ന ഐഫോൺ മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ പിതാവ് റെയിൽവേ പൊലീസിന്റെ പിടിയിലായി കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്നാണ് മോഷണം നടന്നത്


കാസർകോട്: താനെ സ്വദേശിയായ ട്രെയിൻ യാത്രക്കാരന്റെ 75,000 രൂപ വില വരുന്ന ഐഫോൺ മോഷ്ടിച്ച സംഭവത്തിൽ പ്രതിയുടെ പിതാവ് റെയിൽവേ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് പന്നിയങ്കര സ്വദേശി ഹാരിസ്(46) ആണ് പിടിയിലായത്. ഇയാളുടെ മകൻ ഷാഹുലാണ് ഐ ഫോൺ മോഷ്ടിച്ചത്. യുവാവ് ബൈക്ക് മോഷണ കേസിൽ ഇപ്പോൾ കോഴിക്കോട് സബ് ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ഷാഹുൽ പിതാവിനെ മൊബൈൽ ഫോൺ വിൽക്കാൻ ഏൽപ്പിക്കുകയായിരുന്നു. ഷോപ്പുടമയുടെ വിവരത്തെ തുടർന്ന് കോഴിക്കോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിതാവിനെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയെ കാസർകോട് റെയിൽവേ പൊലീസിന് കൈമാറി. കഴിഞ്ഞ 12 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ മൂന്നുമണിയോടെ കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തിയ വരാവൽ എക്സ്പ്രസിലാണ് മോഷണം നടന്നത്. മഹാരാഷ്ട്ര താനെ സ്വദേശി കേതൻ സഞ്ചയ് കുൽക്കർണിയുടെ 75,000 രൂപവിലവരുന്ന ഐഫോൺ 15 പ്ലസ് മൊബൈൽ ഫോൺ ഉറക്കത്തിനിടെ ഷാഹുൽ മോഷ്ടിക്കുകയായിരുന്നു. ട്രെയിൻ കാസർകോട് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. മൊബൈൽ നഷ്ടപ്പെട്ട കേതൻ ഉടൻ റെയിൽവേ പൊലീസിനെ വിവരമറിയിച്ചു. ഇമെയിലിൽ പരാതിയും നൽകി. എസ് ഐ എംവി പ്രകാശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, വിപിൻ മാത്യു, സിവിൽ പൊലീസ് ഓഫീസർ റിനീത് എന്നിവരടങ്ങുന്ന സംഘം മോഷ്ടാവിനെ കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കോഴിക്കോട് നിന്ന് പ്രതിയെ കുറിച്ച് വിവരം ലഭിച്ചത്. സംഘം കോഴിക്കോട്ടെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കാസർകോട് എത്തിച്ചു. കൂട്ടുപ്രതിയായ പിതാവിനെ ചൊവ്വാഴ്ച കാസർകോട് കോടതിയിൽ ഹാജരാക്കും.

No comments