Breaking News

കാഞ്ഞിരപ്പൊയിൽ സ്വദേശികളിൽ നിന്ന് 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയിൽ ഹൈറിച്ച് സ്ഥാപനത്തിന്റെ എംഡി ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ് എടുത്തു


അടുക്കം : ലാഭം വാ​ഗ്ദാനം ചെയ്ത് മടിക്കൈ സ്വദേശികളിൽനിന്ന് 25 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ കണിമം​ഗലത്തെ ഹൈറിച്ച് സ്ഥാപനത്തിന്റെ എംഡി ഉൾപ്പെടെ മൂന്നുപേർക്കെതിരെ  കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്തു. മടിക്കൈ  കാഞ്ഞിരപ്പൊയിൽ പെരളത്തെ വി വി പ്രജിത്ത് (30), കാഞ്ഞിരപ്പൊയിൽ കാനത്തിൽ വീട്ടിൽ കെ എ സുരേന്ദ്രൻ(57), മടിക്കൈ ഏച്ചിക്കാനം മെൈത്തടത്തിൽ  യു മനോജ്കുമാർ(54) എന്നിവർ  കമ്പനിക്കെതിരെ ഹൊസ്ദുർ​ഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി സ്വീകരിച്ച കോടതി ഹൈറിച്ച് എംഡി കോലാട്ട് ദാസൻ പ്രതാപൻ, ഭാര്യ ശ്രീന, ഹൈറിച്ച് ഏജന്റ് കാഞ്ഞിരപ്പൊയിൽ മാടിക്കാനത്തെ വിജിത എന്നിവർക്കെതിരെ കേസെടുക്കാൻ ഹൊസ്ദുർ​ഗ് പൊലീസിന് നിർദേശം നൽകുകയായിരുന്നു.  ലാഭം വാ​ഗ്ദാനം ചെയ്ത് പ്രജിത്തിൽനിന്നും അഞ്ച് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.  സുരേന്ദ്രനിൽ നിന്ന് 2023 സെപ്തംബർ 18ന് 9,90,000 രൂപയും സഹോദരിയിൽനിന്ന് 2023 നവംബർ 13ന് നാല് ലക്ഷം രൂപയും കൈക്കലാക്കി. കൂടുതൽ ലാഭ വിഹിതം വാ​ഗ്ദാനം ചെയ്ത് മൊത്തം 13,90,000 രൂപയാണ് സുരേന്ദ്രനിൽ നിന്നും സഹോദരിയിൽ നിന്നും  കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു. ഹൈറിച്ച് ഏജന്റ് മാടിക്കാനത്തെ സുനിൽകുമാറിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. മനോജ്കുമാറിൽ നിന്നും ഭാര്യയിൽനിന്നും  രണ്ടുഘട്ടങ്ങളിലായി ഹൈറിച്ച് തട്ടിയെടുത്തത് ആറര ലക്ഷം രൂപയാണ്.


No comments