Breaking News

ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാംപിൽ ഭക്ഷ്യവിഷബാധ ; 75 വിദ്യാർഥികൾ ചികിത്സ തേടി...


നീലേശ്വരം : ചായ്യോത്ത് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യ പുരസ്കാർ പരീക്ഷയ്ക്കു വേണ്ടി സംഘടിപ്പിച്ച ക്യാംപിൽ ഭക്ഷ്യവിഷബാധ. 75 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ക്യാംപിൽ പങ്കെടുത്തത് 238 വിദ്യാർഥികളും 15 അധ്യാപകരും. ചികിത്സയിൽ കഴിയുന്ന വിദ്യാർഥികളുടെ ആരോഗ്യനില തൃപതികരമാണ്. വിവരമറിഞ്ഞ് ഡിഎംഒ രാംദാസിന്റെ നിർദേശപ്രകാരം ഡപ്യൂട്ടി ഡിഎംഒ ഡോ.സന്തോഷിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ക്യാംപിലേക്കു ഭക്ഷണം വിതരണം ചെയ്ത ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി പൂട്ടിച്ചു.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു ക്യാംപ്. വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണം സ്കൂളിനു സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് എത്തിച്ചത്. ക്യാംപ് സമാപിക്കുന്ന ഞായറാഴ്ച രാവിലെ കഴിച്ച പ്രഭാതഭക്ഷണത്തിൽ നിന്നാണു
ഭക്ഷ്യവിഷബാധയേറ്റത് എന്നാണു സംശയമെങ്കിലും ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഹോട്ടലിലെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ ഭക്ഷണത്തിന്റെ സാംപിളും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ശരീരത്തിൽ നിന്നെടുത്ത സാംപിളും ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ പരിശോധനാഫലം വന്നാൽ മാത്രമേ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്.

No comments