Breaking News

പ്ലാസ്റ്റിക് കവറിൽ മണ്ണ് നിറച്ച് നട്ടു പരിപാലിച്ചു, രഹസ്യ വിവരം കിട്ടിയെത്തി എക്സൈസ്; പിടിച്ചത് കഞ്ചാവ് ചെടികൾ


മാനന്തവാടി: വീടിന് സമീപം കഞ്ചാവ് ചെടികള്‍ നട്ട് സംരക്ഷിച്ച ഇരുപതുകാരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാപ്പുംകുന്ന് കെല്ലൂര്‍ വെള്ളാരംതടത്തില്‍ വി എസ് ജസ്റ്റിന്‍ ആണ് അറസ്റ്റിലായത്. മാനന്തവാടി എക്‌സൈസ് റെയ്ഞ്ച്  ഇന്‍സ്‌പെക്ടര്‍ കെ. ശശി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ വീടിന് സമീപത്ത് എത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ പതിനേഴ് കഞ്ചാവ് ചെടികള്‍ പ്ലാസ്റ്റിക് കവറിലും മറ്റും നട്ട് സംരക്ഷിച്ചു വരുന്നതായി കണ്ടെത്തി.ഇവ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയും ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ശശി, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. ചന്തു, സികെ രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.എം. അഖില്‍, കെ. സജിലാഷ്, അമല്‍ ജിഷ്ണു, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ പി. ജയശ്രീ, എക്‌സൈസ് ഡ്രൈവര്‍  സി.യു. അമീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. 10 വര്‍ഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ല ജയിലില്‍ റിമാന്റ് ചെയ്തു.

No comments