Breaking News

പാലായി ഷട്ടർകം ബ്രിഡ്‌ജിന്‌ സമീപത്തായി കൂക്കോട്ട്‌ ഒരുക്കിയ കയ്യൂർ കയാക്കിങ്ങ്‌ പാർക്ക്‌ നവീകരിച്ച്‌ വീണ്ടും തുറന്നു

കയ്യൂർ : പ്രകൃതിയുടെ പച്ചപ്പും പുഴയുടെ മനോഹാരിതയും അനുഭവിച്ചറിയാൻ പാലായി ഷട്ടർകം ബ്രിഡ്‌ജിന്‌ സമീപത്തായി കൂക്കോട്ട്‌ ഒരുക്കിയ കയ്യൂർ കയാക്കിങ്ങ്‌ പാർക്ക്‌ നവീകരിച്ച്‌ വീണ്ടും തുറന്നു. കയ്യൂർ സർവീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കയ്യൂർ വില്ലേജ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ്‌ കയാക്കിങ്ങ്‌ പാർക്ക്‌ ഒരുക്കിയത്‌. കായലിലൂടെ സഞ്ചരിക്കുന്നതോടൊപ്പം ഉല്ലാസത്തിനും ഉതകുന്ന രീതിയിലാണ്‌ പാർക്ക്‌ നവീകരിച്ചത്‌. കുട്ടികളുടെ പാർക്ക്, ഇവന്റുകൾ, പെഡൽ ബോട്ട്, കയാക്കിങ്, ഫുഡ് കോർണർ എന്നിവയും ഒരുക്കി. വിനോദത്തിനായി വിദേശ ടൂറിസ്‌റ്റുകളടക്കം നിരവധിപേരാണ്‌ പാർക്കിൽ എത്തുന്നത്‌. നീലേശ്വരം ടൗണിൽനിന്ന്‌ പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ വഴിയും ചെറുവത്തൂരിൽനിന്ന്‌ ക്ലായിക്കോട്‌- മുഴക്കോം–- വെള്ളാട്ട്‌ റോഡ്‌ വഴിയും ചീമേനിയിൽനിന്നും കയ്യൂർ റോഡ്‌ വഴിയും പാർക്കിലെത്താം. ടൂറിസം വില്ലേജിന്റെ ഭാഗമായി കയ്യൂരിൽ തേജസ്വിനി റസ്‌റ്റോറന്റ്‌, ടൂറിസ്‌റ്റ്‌ ബസ്‌ സൗകര്യം എന്നിവയും ലഭ്യമാണ്‌.
ഗ്രാമത്തിന്റെ സവിശേഷതയറിഞ്ഞ്‌ അതിന്‌ അനുയോജ്യമായ പദ്ധതികളാണ്‌ ബാങ്ക്‌ കയ്യൂർ വില്ലേജ്‌ ടൂറിസം ലിമിറ്റഡ്‌ പദ്ധതിയിലൂടെ നടപ്പാക്കുന്നത്‌. നവീകരിച്ച പാർക്ക്‌ എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡന്റ്‌ പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവൻ, കെ സുധാകരൻ, കയനി കുഞ്ഞിക്കണ്ണൻ, എം രാജീവൻ, എം പ്രശാന്ത്, എം ബാലകൃഷ്ണൻ, സി കെ ചന്ദ്രൻ, പി പി പവിത്രൻ, ഒ കെ സ്റ്റാലിഷ് എന്നിവർ സംസാരിച്ചു. തുടർന്ന് വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ വി വി സജീവന്റെ ഗസൽ സന്ധ്യയുമുണ്ടായി.


No comments