ആഭിചാരം, മന്ത്രവാദം; അന്ധവിശ്വാസം മുതലെടുത്ത് ഒടുവിൽ കൊലപാതകം പ്രതികളെ എത്തിച്ചപ്പോൾ വൻ സംഘർഷം
കാസർകോട് : ദൃക്‌സാക്ഷികളാരുമില്ലാത്ത അസമയത്തെ മരണത്തിൽ, നാട്ടുകാർക്കുണ്ടായ സംശയമാണ് പൊലീസ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കൃത്യമായ അന്വേഷണത്തിൽ ചുരുളഴിയുന്നത്. ജില്ലയിലെ പൊലീസിന്റെ അന്വേഷണ മികവിന് മറ്റൊരു പൊൻതൂവൽ കൂടിയാകുകയാണ് പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈതുൽ റഹ്മയിലെ എം സി അബ്ദുൽ ഗഫൂർ ഹാജി (55) യുടെ ദുരൂഹ മരണത്തിലെ അന്വേഷണം.
സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് അബ്ദുൽ ഗഫൂർ ഹാജിയിൽനിന്നും വാങ്ങിയ സ്വർണം തിരിച്ചുചോദിച്ച വിരോധത്തിൽ, അഭിചാരക്രിയ നടത്തി കൂടുതൽ സ്വർണം തട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയുടെ മന്ത്രവാദ ചികിത്സയ്‌ക്കെന്ന പേരിൽ അടുപ്പം കൂടിയ മാങ്ങാട് കൂളിക്കുന്നിൽ മന്ത്രവാദിനി എന്നു വിളിക്കുന്ന ഷമീന ജിന്നുമ്മ (38), ഭർത്താവ് ഉബൈസ് (38), ഇവരുടെ സഹായി പൂച്ചക്കാട്ടെ അസ്നിഫ(40), അബ്ദുൽ ഗഫൂർ ഹാജിയിൽനിന്നും തട്ടിയെടുത്ത സ്വർണം വിൽക്കാൻ സഹായിച്ച മധൂരിലെ ആയിഷ (50) എന്നിവരെയാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റുചെയ്‌തത്.
പ്രതികൾ ഹണി ട്രാപ്പ് ഇടപാടിലും
യുവതിക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഉള്ളതായും പൊലീസ് കണ്ടെത്തിരുന്നു. ഹണിട്രാപിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം യുവതിയും ഭർത്താവും റിമാൻഡിലായിരുന്നു. ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസിലും യുവതി നേരത്തേ റിമാൻഡിലായിരുന്നു.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേൽനോട്ടത്തിൽ ഡിസിആർബി ഡിവൈഎസ്‌പി കെ ജെ ജോൺസൺ, വനിതാ പൊലീസ് സ്‌റ്റേഷൻ എസ്‌ഐ കെ അജിത, സൈബർ സെൽ എസ്‌ഐ പി കെ അജിത്ത്, എഎസ്‌ഐമാരായ പി സുഭാഷ്, കെ ടി എൻ സുരേഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എൻ വി രഘു, പ്രവീണ എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായത്.
നഷ്ടമായത് 596 പവൻ; 29 പവൻ കണ്ടെത്തി
2023 ഏപ്രിൽ 14ന് പുലർച്ചെയാണ് അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ഭാര്യ അവരുടെ വീട്ടിൽ പോയതിനാൽ, അദ്ദേഹം തനിച്ചായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കൾ കരുതിയത്. നോമ്പുകാലമായതിനാൽ, മതപരമായ ചടങ്ങുകളോടെ ഖബറടക്കം നടത്തി. ഗൾഫിലായിരുന്ന മകൻ അഹമ്മദ് മുസമ്മിൽ നാട്ടിലെത്തിയപ്പോഴാണ് പിതാവിന്റെ മരണത്തിൽ സംശയമുന്നയിച്ചത്. അബ്ദുൽ ഗഫൂർ ഹാജി 12 ബന്ധുക്കളിൽ നിന്നടക്കം കടം വാങ്ങിയ 596 പവൻ സ്വർണം നഷ്ടപ്പെട്ടതായും മനസ്സിലായി. വ്യാപാരാവശ്യത്തിനായി രക്തബന്ധുക്കളിൽനിന്ന് ഇത്തരത്തിൽ സ്വർണം കടം വാങ്ങുന്ന പതിവുണ്ട്. എന്നാൽ മരണശേഷം സ്വർണത്തിന്റെ കാര്യം അന്വേഷിച്ചപ്പോഴാണ് വീട്ടുകാർക്ക് ദുരൂഹത തോന്നിയത്. നഷ്ടമായ 596 പവനിൽ 29 പവൻ കാസർകോട്ടെ ജ്വല്ലറിയിൽ നിന്നും അന്വേഷക സംഘം കണ്ടെത്തി.
12 ദിവസം കഴിഞ്ഞ് പോസ്‌റ്റുമോർട്ടം
സ്വാഭാവിക മരണമെന്ന് കരുതി ഖബറടക്കം നടത്തിയ മൃതദേഹം, അന്വേഷണത്തിന്റെ ഭാഗമായി 12 ദിവസം കഴിഞ്ഞ് ഖബറിൽനിന്ന് കുഴിച്ചെടുത്ത് പോസ്‌റ്റുമോർട്ടം ചെയ്‌തതും വഴിത്തിരിവായി. തലക്കടിയേറ്റ നിലയിലുള്ള പരിക്ക് പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തി. ഇതോടെയാണ് മരണം കൊലപാതകമാണെന്ന് വീട്ടുകാരും കർമസമിതിക്കാരും വാദിച്ചത്. അബ്ദുൽ ഗഫൂർ ഹാജി മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് വീട്ടിലെ സിസിടിവി പ്രതികൾ ഇടപെട്ട് ഓഫ് ചെയ്യിച്ചതായും കണ്ടെത്തി. സ്വർണം കൈക്കലാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് അനുമാനിക്കുന്നത്. ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണം കാസർകോട്ടെ മൂന്ന് ജ്വല്ലറികളിൽ വിറ്റതായി പറയുന്നുണ്ട്. ചില സ്വർണ വ്യാപാരികളിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഷമീന ജിന്നുമ്മ, ഭർത്താവ് ഉബൈസ് എന്നിവരെ ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു
പൂച്ചക്കാട്ട് രോഷം തിളച്ചു
വ്യാഴം വൈകിട്ട് പ്രതികളെ അബ്ദുൾ ഗഫൂർ ഹാജിയുടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു തെളിവെടുപ്പ്. ഗൾഫിൽ സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളുമുള്ള ജീവകാരുണ്യ പ്രവർത്തകനായിരുന്നു അബ്ദുൾ ഗഫൂർ ഹാജി.
അന്വേഷണത്തിന്റെ ഭാഗമായി കർമസമിതിയും നാട്ടുകാരും ഉൾപ്പെടെ 40-ഓളം പേരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. അറസ്‌റ്റിലായ ഷമീന ജിന്നുമ്മയെ മന്ത്രവാദിനി എന്നാണ് നാട്ടിൽ വിളിക്കുന്നത്. ആഭിചാരക്രിയയിലൂടെ മന്ത്രവാദ ചികിത്സ നടത്തുന്നതിനാലാണിത്.
ഷമീനയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സഹായികളിൽ ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്പ തീർത്തതും യുവതിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതും അന്വേഷക സംഘം തെളിവായി ശേഖരിച്ചിട്ടുണ്ട്.
അബ്ദുൾ ഗഫൂർ ഹാജിയും യുവതിയും തമ്മിൽ കൈമാറിയ വാട്സ് ആപ്പ് സന്ദേശം, പണമിടപാട്, സ്വർണ നിറമുള്ള ആഭിചാര തകിടിന് പണമീടാക്കിയതിന്റെ വിവരങ്ങൾ എന്നിവയും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി
ബേക്കൽ പൊലീസ് അന്വേഷിക്കുന്ന കേസ് സമഗ്രമാക്കണമെന്ന് കാട്ടി കുടുംബാംഗങ്ങൾ സി എച്ച് കുഞ്ഞമ്പു എംഎൽഎക്കൊപ്പം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി.
ഇതേ തുടർന്ന് ഡിസിആർബി ഡിവൈഎഎസ്‌പി കെ ജെ ജോൺസണിന്റെയും ബേക്കൽ ഇൻസ്പെക്ടർ കെ പി ഷൈനിന്റെയും നേതൃത്വത്തിലുള്ള പൊലീസ് ടീം രൂപീകരിച്ചു. ഇവരാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
മന്ത്രവാദ ചികിത്സ നടത്തിയ ഷമീമ ജിന്നുമ്മയാണ് സ്വർണം തട്ടിയെടുത്തതെന്നും മരണത്തിൽ അവർക്ക് വ്യക്തമായ പങ്കുണ്ടെന്നും കുടുംബവും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട കർമസമിതിയും ആരോപിക്കുന്നു.
No comments