Breaking News

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം കുറ്റക്കാർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണം ; മലനാട് വികസന സമിതി

പാണത്തൂർ : കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് കാരണക്കാരായവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മലനാട് വികസന സമിതി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.മലയോര മേഖലയുടെ സിരാകേന്ദ്രമായ പാണത്തൂരിൽ നിന്നും, നഴ്സിംഗ് പഠനത്തിന് കാഞ്ഞങ്ങാട് മൻസൂർ നഴ്സിംഗ് കോളേജിൽ ചേർന്ന് പഠനം തുടർന്നിരുന്ന , നമ്മുടെ കൂടപ്പിറപ്പ് പ്രീയപ്പെട്ട ചൈതന്യയുടെ  ജീവനുവേണ്ടി, മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിൽ നിന്നും ഊർന്നിറങ്ങുന്ന നൂൽപ്പാലത്തിലൂടെ യുള്ള മകളുടെ പ്രവചനാതീതമയ ഭാവിയെ കുറിച്ചുള്ള ആധിയിൽ ആഴ്ന്ന് കഴിയുന്ന മാതാപിതാക്കളോടൊപ്പം, ഐക്യദാർഢ്യം പ്രഖ്യാപിച്ച്, നിയമപരമായ എല്ലാ പോരാട്ടങ്ങൾക്കും മലനാട് വികസന സമിതി ഒപ്പമുണ്ടാകും എന്ന് അറിയിക്കുന്നു.                         അതോടൊപ്പം സംസ്ഥാനത്തെ സ്വാശ്രയ മാനേജ്മെന്റുകൾ നടത്തുന്ന പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന,ക്രൂരമായ, പീഡനങ്ങളും, സാമ്പത്തിക ചൂഷണങ്ങളും, ജീവൻ നിലനിർത്താൻ ആവശ്യമായ ഭക്ഷണം പോലും നിഷേധിക്കുന്ന, മാനേജ്മെന്റുകളുടെ, ക്വട്ടേഷൻ ഏജന്റുമാരായ ഹോസ്റ്റൽ വാർഡൻമാർ ഉൾപ്പെടെയുള്ള മനുഷ്യത്വത്തിന്റെ അംശം പോലും തൊട്ടുതീണ്ടാത്ത , ഇത്തരം നരഭോജികൾ ക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും, ആവശ്യമായ കർശന നിയമനിർമ്മാണം നടത്തണമെന്നും, കേരള മുഖ്യമന്ത്രിയോടും, കേരള ആരോഗ്യ വകുപ്പ് മന്ത്രിയോടും, മലനാട് വികസന സമിതി ശക്തമായി ആവശ്യപ്പെടുന്നു.

  നമ്മുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി യുടെ ജീവന് നേരിട്ട  ദുര്യോഗത്തിനും, നീതിനിഷേധത്തിനും, എതിരെയുള്ള അതിശക്തമായ പ്രതിഷേധവും, അമർഷവും രേഖപ്പെടുത്തുന്നു. മാതാപിതാക്കളുടെ നിയമപോരാട്ടത്തിന് പൂർണ്ണ പിന്തുണയും, സഹായവും ചെയ്യുവാൻ മലനാട് വികസന സമിതി ഒപ്പമുണ്ടാകും എന്ന് അറിയിക്കുന്നു. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്ന കേരളത്തിൽ ഇതുപോലുള്ള മനുഷ്യാവകാശ ധ്വംസനങ്ങൾ തുടർക്കഥ ആകുന്നത് ലജ്ജാകരമാണ്.ഇതിനെതിരെ കേരളീയ സമൂഹവും, മനുഷ്യസ്നേഹികളായ എല്ലാവരും ശക്തമായി പ്രതികരിക്കണമെന്ന് മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, ജനറൽ കൺവീനർ ബാബു കദളിമറ്റം എന്നിവർ ആവശ്യപ്പെട്ടു.


No comments