പരപ്പ ബസ് സ്റ്റാന്റ് നിർമ്മാണം ഉടൻ ആരംഭിക്കണം: ബി ജെ പി പഞ്ചായത്ത് കമ്മറ്റി
പരപ്പ : കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ സിരാ കേന്ദ്രമായ പരപ്പയിൽ നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന നിർദ്ദിഷ്ട പഞ്ചായത്ത് ബസ്‌സ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് ബി ജെ പി പഞ്ചായത്ത് കമ്മറ്റിയോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. നിലവിൽ മിക്ക ബസ്സുകളും പരപ്പ ടൗണിന്റെ വിവിധയിടങ്ങളിൽ പാർക്ക് ചെയ്യുന്നത് മൂലം വലിയ തോതിലുള്ള ഗതാഗത പ്രശ്നങ്ങൾ നേരിടുകയാണ്. ബസ് സ്റ്റാന്റ് നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികൾ സംഭാവന ചെയ്ത 60 ൽപ്പരം സെന്റ് സ്ഥലമുണ്ടായിട്ടും ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥതയും കാരണം പ്രസ്തുത സ്ഥലം വർഷങ്ങളായി നോക്കുകുത്തിയായി നിൽക്കുകയാണ്. ഇപ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പടുക്കുമ്പോൾ ചില ചെപ്പടിവിദ്യകളുമായി, പഞ്ചായത്തധികൃതർ ജനങ്ങളെ കബളിപ്പിക്കുന്നതിനായി ഇറങ്ങിയിട്ടുണ്ട്. ഇതിനെ ജനങ്ങൾ തിരിച്ചറിയണമെന്ന് ബി ജെ പി യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ ബളാൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. അഡ്വ. കെ കെ നാരായണൻ, അഡ്വ.കെ രാജഗോപാൽ, പ്രമോദ് വർണ്ണം, രാജൻ പുതുക്കുന്ന്, അനീഷ് മേലാഞ്ചേരി, തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രൻ അധ്യക്ഷനും ജനറൽ സെക്രട്ടറി മധു വട്ടിപ്പുന്ന സ്വാഗത ഭാഷകനുമായി
No comments