Breaking News

പുലി ഭയത്താൽ വിറങ്ങലിച്ചവർക്ക് സാന്ത്വനവുമായി വനപാലകരെത്തി പരപ്പ വീട്ടിയോടിയിൽ ക്യാമറാ ട്രാപ്പ് സ്ഥാപിക്കും


പരപ്പ: കിനാനൂർ- കരിന്തളം  ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പരിധിയിൽ മാളൂർകയം, മുണ്ടത്തടം പള്ളത്തുമല, വീട്ടിയോടി പ്രദേശങ്ങളിൽ കഴിഞ്ഞ 10 ദിവസമായി, പുലി ഭയത്താൽ കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിലുള്ള വനപാലകരെത്തി . മാളൂർ കയം അങ്കണവാടിക്ക് സമീപം ഓട്ടോറിക്ഷ ഡ്രൈവറായ മാളൂർകയം സുമേഷാണ് ആദ്യമായി പുലിയെ കണ്ടത്.

 ബളാൽ , കിനാനൂർ- കരിന്തളം പഞ്ചായത്തുകളുടെ അതിർത്തിയായ  വീട്ടിയോടി പരിസരത്ത് നീലേശ്വരം സ്വദേശിയായ സ്വകാര്യ വ്യക്തിയുടെ കാടു മൂടി കിടക്കുന്ന സ്ഥലത്തിന് സമീപം വേണുവിന്റെ ഉടമസ്ഥതയിലുള്ള കൂട്ടിൽ നിന്നും ആടിനെ പുലി പിടിച്ചത്.

 ഇക്കാര്യം ശ്രദ്ധയിൽ പ്പെടുത്തിയപ്പോൾ മരുതോം സെക്ഷൻ ഓഫീസിലെ  ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. ഭവിത്ത് സ്ഥലം സന്ദർശിച്ചിരുന്നു.

        തൊട്ടടുത്ത ദിവസം പള്ളത്തുമലയിലെ വാളാംപള്ളി എന്ന സ്ഥലത്ത്, കാനത്തൂർ രഞ്ജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പരിസരത്ത് ഇവിടുത്തെ തൊഴിലാളി കൃഷ്ണൻ പുലിയെ കണ്ടത്. നാട്ടുകാർ പുലിയെ കണ്ടു എന്ന് പറഞ്ഞ് ഇടങ്ങളിലെല്ലാം റേയ്ഞ്ച് ഓഫീസർ രാഹുലിന്റെ നേതൃത്വത്തിലുള്ള വനപാലകർ സന്ദർശനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.

         ആടിനെ പുലി പിടിച്ചു എന്ന് പറയപ്പെടുന്ന വീട്ടിയോടിയിൽ നാളെത്തന്നെ ക്യാമറ ട്രാപ്പ് സ്ഥാപിക്കുമെന്നും , പ്രസ്തുത ക്യാമറ എല്ലാ ദിവസവും രാവിലെ മരുതോം സെക്ഷൻ ഓഫീസിലെ ജീവനക്കാർ എത്തി പരിശോധി ക്കുമെന്നും റെയിഞ്ച് ഓഫീസർ നാട്ടുകാർക്ക് ഉറപ്പ് നൽകി. ഗ്രാമപ്രദേശങ്ങളിലും, വിശേഷിച്ച് പട്ടികവർഗ്ഗ സങ്കേതങ്ങളുടെ പരിസരത്തും , ഏക്ര കണക്കിന് ഭൂമി കൈവശം വെച്ചിരിക്കുന്ന സ്വകാര്യ വ്യക്തികൾ പട്ടണ പ്രദേശങ്ങളിൽ താമസിക്കുകയും, പ്രസ്തുത ഭൂമിയിൽ കൃഷി ഒന്നും ചെയ്യാതെ കാട് മൂടി കിടക്കുന്നതിനാൽ വന്യമൃഗങ്ങൾക്ക് താമസിക്കുവാനും ഇടയൊരുക്കുന്നു. ഇതാകട്ടെ, ചെറുകിട കർഷകർക്കും , പട്ടികവർഗ്ഗ സങ്കേതങ്ങളിലെ ജനവിഭാഗങ്ങൾക്കും വലിയതോതിൽ ഭീഷണിയായി മാറുന്നു. ഇതിന് ശാശ്വത പരിഹാരം കാണാൻ കലക്ടർ ഉൾപ്പെടെയുള്ള അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇക്കാര്യം ജില്ലാ ഫോറസ്റ്റ് ഓഫീസർ മുഖേന റിപ്പോർട്ട് നൽകി കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും റെയിഞ്ച് ഓഫീസർ പറഞ്ഞു  

        സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് കാഞ്ഞങ്ങാട് റേഞ്ച് ഓഫീസർ രാഹുൽ കെ , മരുതോം സെക്ഷൻ ഓഫീസർ ആർ.ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഭവിത്ത് ബി , മീര . കെ , റിസർവ് ഫോറസ്റ്റ് വാച്ച്മാൻ സുരേന്ദ്രൻ പി.വി. എന്നിവർ പുലി ഇറങ്ങി എന്ന് നാട്ടുകാർ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിച്ചത്.

      സിപിഐഎം പരപ്പ ലോക്കൽ സെക്രട്ടറി എ. ആർ.രാജു , ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനോദ് പന്നിത്തടം, ടി.പി. തങ്കച്ചൻ , മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. ബാലകൃഷ്ണൻ , കുപ്പമാട് ബ്രാഞ്ച് സെക്രട്ടറി സ്വർണ്ണലത . ടി, ജോയി വർഗീസ് , ബാബു പന്നിയെറിഞ്ഞകൊല്ലി, എ പുരുഷോത്തമൻ , ആദർശ് .എ, എം കെ ചന്ദ്രൻ ,സിജോ തുടങ്ങിയവർ വനപാലകർക്കൊപ്പം ഉണ്ടായിരുന്നു.

No comments