Breaking News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മക്കെതിരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു


കാസർഗോഡ് : ജില്ലയിലെ പാവപെട്ട രോഗികളുടെ ഏക ആശ്രയമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മക്കെതിരെ യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സുപ്രണ്ടിനെ ഉപരോധിച്ചു.

മലയോരത്ത് നിന്നടക്കമുള്ള പാവപ്പെട്ട രോഗികളുടെ ആശ്രയമായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഉച്ച വരെ ക്യൂവിൽ നിന്നാൽ പോലും കാർഡിയോളജി, ഓർത്തോ, ന്യൂറോ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരെ കാണാൻ സാധിക്കാതെ മടങ്ങുന്ന കാഴ്ച്ച പതിവായി മാറിയിരിക്കുകയാണ് ,ടോക്കൺ കിട്ടിയിട്ടും ഡോക്ടറെ കാണാൻ സാധിക്കാത്തത് രോഗികളെ വലിയ തുക കൊടുത്ത് സ്വകാര്യ ഡോക്ടറെ കാണാൻ നിർബന്ധിതരാക്കുകയാണ്.

അശാസ്ത്രിയമായ ടോക്കൺ സംവിധാനം നിർത്തലാക്കി ഡോക്ടറുടെ സേവനം എല്ലാവർക്കും കിട്ടുന്ന രീതിയിൽ കാര്യക്ഷമമാക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ലാബിൽ നിന്നും കിട്ടുന്ന റിപ്പോർട്ടുകൾ അന്നേ ദിവസം തന്നെ വാങ്ങണമെന്ന ലാബ് ജീവനക്കാരുടെ നിർബന്ധബുദ്ധി  രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു ഇത് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകി.

ജീവൻ രക്ഷാ മരുന്നുകൾ പോലും ജില്ലാ ആശുപത്രി ഫാർമസിയിൽ നിന്ന് ലഭിക്കുന്നില്ല.മരുന്നില്ലാത്ത വിഷയം ചൂണ്ടിക്കാണിച്ചപ്പോൾ മതിയായ കാരണം പറയാൻ പോലും ബന്ധപ്പെട്ട അധികാരികൾക്ക് സാധിക്കുന്നില്ല.

പ്രശ്നത്തിൽ അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കാർത്തികേയൻ പെരിയ പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ,

യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് കപ്പിത്താൻ, മാർട്ടിൻ ജോർജ്, അക്ഷയ എസ് ബാലൻ,  നിയോജക മണ്ഡലം ഭാരവാഹികളായ സിജോ അമ്പാട്ട്, സനോജ് കുശാൽ നഗർ, പ്രതീഷ് കല്ലഞ്ചിറ, ശരത്ത് ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി

No comments