Breaking News

റാണിപുരം - കുണ്ടുപ്പള്ളിയിൽ കാട്ടാന കൃഷിയിടത്തിലിറങ്ങി തെങ്ങും, കമുകുകളും നശിപ്പിച്ചു


പാണത്തൂർ : റാണിപുരം  കുണ്ടുള്ളിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ  ഇറങ്ങി തെങ്ങും, കമുകുകളും നശിപ്പിച്ചു.കുണ്ടുപ്പള്ളിയിലെ സോമൻ നായിക്കിന്റെ കൃഷിയിടത്തിലാണ്   ആന ഇറങ്ങി കൃഷി നശിപ്പിച്ചത്. ആറു മാസങ്ങൾക്കു മുമ്പും ഇതേ കൃഷിയിടത്തിൽ ആനക്കൂട്ടം ഇറങ്ങി നിരവധി തെങ്ങുകളും കമുകും  നശിപ്പിച്ചിരുന്നു. ഇതിൻ്റെ നഷ്ട പരിഹാരത്തിനായി വനം വകുപ്പിന് അപേക്ഷ സമർപ്പിച്ച്  കാത്തിരിക്കുമ്പോഴാണ് വീണ്ടും കാട്ടാനകൾ  കൃഷി നശിപ്പിച്ചത്.  സമീപത്തെ മറ്റു ചില കൃഷിയിടങ്ങളിലും ആന ഇറങ്ങി കൃഷി നശിപ്പിച്ചിട്ടുണ്ട്. കേരളാ കർണാടക  അതിർത്തിയായ  പാറക്കടവ് നവരംഗ് ഭാഗത്തുനിന്നാണ് ആനകൾ ഈ ഭാഗത്തേയ്ക്ക് എത്തുന്നത്.  നേരത്തെ ഈ ഭാഗങ്ങളിൽ ആനകളെ നിയന്ത്രിക്കുന്നതിനു വേണ്ടി സോളാർ വേലി  സ്ഥാപിച്ചിരുന്നു. എന്നാൽ കുറച്ചു വർഷങ്ങളായി ഇത്  പ്രവർത്തനക്ഷമമല്ലാത്തതാണ് വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതിന് കാരണമാകുന്നതെന്ന്  കുണ്ടുപ്പള്ളിയിലെ കർഷകനായ യോഗേഷ് കുമാർ പറഞ്ഞു. അടിയന്തരമായി സോളാർ വേലിയുടെ അറ്റകുറ്റ പണികൾ നടത്തി ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.റാണിപുരം വനസംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനൻ, ട്രഷറർ എം.കെ സുരേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടിറ്റോ വരകുകാലായിൽ  വനം വകുപ്പ് ഉദ്യോഗസ്ഥരായ വിനീത് വി, പ്രകാശ് വി.വി, സുമേഷ് കുമാർ എം.എസ്, എ വേണുഗോപാലൻ എന്നിവർ കൃഷിയിടം സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി.

No comments