കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പകലും പുലികളെ കാണുന്നു ഭീതിയിൽ നാട്ടുകാർ
മുള്ളേരിയ : കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ പകലും പുലികളെ കാണുന്നതായി നാട്ടുകാർ. വ്യാഴാഴ്ച രാവിലെ എട്ടിന് കർമംതോടിക്ക് സമീപം പുലി റോഡിലൂടെ മാനിനെ ഓടിക്കുന്നത് കണ്ടു.
ചെർക്കള-ജാൻസൂർ സംസ്ഥാന പാത കടന്ന് രണ്ട് കിലോമീറ്റർ സഞ്ചരിച്ച് അർളടുക്ക മജക്കാറിൽ പുലിക്കൂട്ടം എത്തി. കാറഡുക്ക അടുക്കത്തൊട്ടിയിൽ പുലി വീട്ടുമുറ്റത്തുനിന്ന് നായയെ കടിച്ചുകൊണ്ടുപോയി. അടുക്കത്തൊട്ടി രവിയുടെ ഓട്ടോറിക്ഷയ്ക്ക് പിന്നാലെ വന്ന നായയെ ആളുകളുടെ കൺമുന്നിൽ പുലി പിടിച്ചുകൊണ്ടുപോയി.
ഒരുമാസത്തോളമായി അടുക്കത്തൊട്ടിയിൽ പുലി എല്ലാദിവസവും ഇറങ്ങുന്നു. പലരുടെയും വളർത്തുനായകളെ കാണാതായി. പകലും രാത്രിയും പുലിയെ കാണുന്നു. പുലിഭീഷണി ഒഴിവാക്കാനുള്ള നടപടികളെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പന്തം കൊളുത്തി പ്രതിഷേധം നടത്തി. ആദൂർ പോലീസ് സ്ഥലത്തെത്തി.
പുലിയെ പിടിക്കാൻ അടുക്കത്തൊട്ടിയിൽ സ്ഥാപിച്ച കൂടും മാറ്റി. ഒരു നാടിന്റെ ദുരിതം കൃത്യമായി അധികൃതരെ അറിയിച്ച് പുലിയെ പിടികൂടി മാറ്റുന്നതിന് നടപടികളെടുക്കാതെ എത്ര കാലം കൊണ്ടുപോകും എന്ന് അടുക്കതൊട്ടിക്കാർ ചോദിക്കുന്നു.ഇരിയണ്ണിയിലും ഇന്നലെ രാവിലെ രണ്ട് പുലിയെ കണ്ടിരുന്നു. തീയ്യടുക്കത്ത് കാട്ടുപോത്തിന് പിന്നാലെ പുലി പോകുന്നതും കണ്ടു. ജനകീയ കൂട്ടായ്മ നേതാക്കൾ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.യെ സന്ദർശിച്ച് വന്യമൃഗശല്യം പരിഹരിക്കാനുള്ള സഹായം നൽകണമെന്ന് അഭ്യർഥിച്ചു.
അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റാൻതുടങ്ങി
സ്വാഭാവിക മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള അക്കേഷ്യമരങ്ങൾ മുറിച്ചുമാറ്റാനുള്ള നടപടികൾ തുടങ്ങി. തുടക്കത്തിൽ അടിക്കാടുകളായി വളരുന്ന ചെറു അക്കേഷ്യ തൈകളാണ് പിഴുതുമാറ്റുന്നത്. റോഡരികിലുള്ള കാടുകൾ വെട്ടിത്തെളിക്കാനും തീരുമാനമായി.
രണ്ട് കൂടും പുലികളും
പ്രദേശത്ത് അഞ്ച് പുലിയുള്ളതായാണ് അധികൃതർ പറയുന്നത്. എങ്കിലും അതിലധികം പുലിയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലിയെ പിടികൂടാൻ രണ്ട് കൂടുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കാറഡുക്ക കർമംതോടി കല്ലളിക്കാലിലും മുളിയാർ ഇരിയണ്ണിയിലും. കാറഡുക്ക, മുളിയാർ, ദേലമ്പാടി എന്നിവിടങ്ങളിൽ പകലും പുലികളെ കണ്ടതോടെ ജനങ്ങൾ ഭീതിയിലായി. ദ്രുതപ്രതികരണസേന പലഭാഗങ്ങളിലും പട്രോളിങ് നടത്തുന്നുണ്ട്.
നായയുള്ള വീട്ടിൽ അതിനെ പിടിക്കാൻ പുലി പലതവണ എത്തുന്നതായി പറയുന്നു. കൊട്ടംകുഴിയിൽ വളർത്തുപട്ടിയെ പുലി ഓടിച്ച് പിടികൂടാൻ ശ്രമിക്കുകയും പട്ടി വീടിനകത്തേക്ക് ഓടി രക്ഷപ്പെടുകയുമാണുണ്ടായത് . മുറിവേറ്റനിലയിൽ പലയിടത്തും പട്ടികളെ കാണുന്നു. പുലികൾ വനമേഖലയിൽനിന്ന് ദൂരെയുള്ള ജനവാസമേഖലയിലേക്ക് എത്തുന്നതാണ് ഭീതി ഉണ്ടാക്കുന്നത്. പല വീടുകളിലും ഇവ എത്തുന്നത് പട്ടികളെ തേടിയാണ്. ഇതുവരെയായി പുലിയെ പിടികൂടാൻ വെച്ച കൂടിനടുത്തേക്ക് ഇവ എത്തിയില്ല.
ഓട്ടോക്ക് പിന്നാലെ ചെന്ന നായയെയും പുലിപിടിച്ചു
പുവടുക്ക, കൊണല, അടുക്കത്തൊട്ടി, ബളക്ക പ്രദേശത്തുകാരുടെ കളിത്തോഴൻ... പുവടുക്കയുടെ കാവൽക്കാരൻ... ‘രാമകൃഷ്ണാ’ എന്ന് വിളിച്ചാൽ വാലാട്ടി കാൽ ചുവട്ടിലെത്തുന്ന നായ... -ബുധനാഴ്ച പുലിപിടിച്ച നായയെ കുറിച്ച് നാട്ടുകാരുടെ വിവിധ കുറിപ്പുകൾ വാട്സാപ്പ് ഗ്രൂപ്പുകളിൽ നിറയുന്നു.
പുവടുക്ക സ്റ്റാൻഡിലെ എത് ഓട്ടോയിലും സ്വാതന്ത്ര്യത്തോടെ കയറി ഇരിക്കും. ഏത് വീട്ടിൽ ചെന്നാലും ഭക്ഷണം കൊടുക്കും.
കൊടുത്തില്ലെങ്കിലും പരിഭവമില്ലാതെ സ്നേഹത്തോടെ പിറകെ കൂടുന്ന രാമു. വൈകീട്ട് പൂവടുക്കയിൽ ഓട്ടോഡ്രൈവറായ രവിയുടെ കൂടെ വീടുവരെ പോയതാണ്.
വീട്ടിൽ രവി ഓട്ടോ നിർത്തുമ്പോഴാണ് നായയുടെ കരച്ചിൽ കേട്ടത്. ഒരുമാസത്തോളമായി ഈ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ട്.
No comments