സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളിയിൽ ചരിത്രം കുറിച്ച് ബാനം.. വിജയവുമായി തിരിച്ചെത്തിയ ടീമിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം
ബാനം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം മംഗലംകളിയിൽ എ ഗ്രേഡ് നേടിയ ബാനം ഗവ.ഹൈസ്‌കൂൾ കുറിച്ചത് ചരിത്രനേട്ടം. കാസർകോട്, കണ്ണൂർ ജില്ലകളിലെ മാവിലൻ, മലവേട്ടുവൻ സമുദായക്കാരുടെ തനതുകലാരൂപമായ മംഗലംകളി കലോത്സവത്തിന്റെ ഭാഗമായ വർഷം തന്നെ ബാനത്തിന് ഈ നേട്ടത്തിലെത്താൻ കഴിഞ്ഞു. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് ബാനത്തെ കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. ചിട്ടയായ പരിശീനമാണ് ഇവരെ മികവിലെത്തിച്ചത്. 250 ൽ താഴെ കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ നിന്നും പോയാണ് ഈ നേട്ടമെന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ദമ്പതികളായ സുനിൽ ബാനം, സുനിതസുനിൽ എന്നിവരാണ് പരിശീലകർ. വിജയവുമായി തിരിച്ചെത്തിയ ടീമിന് നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. മാലയും ബൊക്കയും നൽകിയാണ് സ്വീകരിച്ചത്. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ, വൈസ് പ്രസിഡന്റ് പി.രാജീവൻ എസ്.എം.സി ചെയർമാൻ ബാനം കൃഷ്ണൻ, വികസന സമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, പ്രധാനധ്യാപിക സി.കോമളവല്ലി, സീനിയർ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രൻ, ടീം മാനേജർ അനൂപ് പെരിയൽ എന്നിവർ സംസാരിച്ചു.
No comments