പൈവളിഗെ ടിപ്പർ ഡ്രൈവറുടെ മരണം ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
പൈവളിഗെ ടിപ്പർ ഡ്രൈവർ പൈവളിഗെ ബായാർ പദവ് കാംപ്കോ കോംപൗണ്ടിനു സമീപത്തെ മുഹമ്മദ് ആസിഫിന്റെ (29) മരണത്തെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി. മുഹമ്മദ് ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ച സംഘം വീട്ടിലെത്തി അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുത്തു. ഫോറൻസിക് വിദഗ്ധരെ കൊണ്ട് പരിശോധിച്ച് തെളിവ് ശേഖരിക്കുകയും ആസിഫിന്റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറും സംഭവ സ്ഥലം സന്ദർശിക്കുകയും
ചെയ്യും. ആസിഫിനെ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് റോഡരികിൽ നിർത്തിയിട്ട ടിപ്പറിന് സമീപം അവശനിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇയാളെ കുമ്പളയിലെ സഹകരണ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല. ഇടുപ്പെല്ല് തകർന്നുണ്ടായ പരുക്കാണ് ആസിഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇടുപ്പെല്ല് പൊട്ടണമെങ്കിൽ വീഴ്ചയോ അല്ലെങ്കിൽ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയോ വേണം. ഇതോടെ ആസിഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി കുടുംബം മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കു പരാതി നൽകിയിരുന്നു. കുടുംബത്തിന്റെ ആവശ്യത്തെ തുടർന്നു കഴിഞ്ഞ ദിവസമാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ ഉത്തരവിട്ടത്.
No comments