Breaking News

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചു ഉഡുപ്പി – കരിന്തളം 400 കെവി 
പവർ ഹൈവേയ്‌ക്ക്‌ വേഗതയേറും


രാജപുരം : ഉഡുപ്പി - കരിന്തളം 400 കെവി പവർ ഹൈവേ പദ്ധതിക്ക് ഇനി വേഗതയേറും. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർ മുന്നോട്ടുവച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഇതോടെ പദ്ധതിക്ക് ലൈൻ വലിക്കുന്നതിനുള്ള തടസം ഒഴിവായി. ഉഡുപ്പിയിൽനിന്ന് കിനാനൂർ -കരിന്തളം പഞ്ചായത്തിലെ കയനി സബ്സ്റ്റേഷനിലേക്കുള്ള 400 കെവി വൈദ്യുത ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരുടെ ആശങ്ക പരിഹരിക്കുന്നതിന് തിരുവന്തപുരത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. കർഷകർക്കൊപ്പമാണ് സർക്കാരെന്നും കർഷകരുടെ ആശങ്ക പരിഹരിക്കാതെ പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ടവർ നിർമിക്കുന്നതിന് സ്വകാര്യ വ്യക്തികൾക്ക് നഷ്ടപരിഹാരം കൊടുക്കുന്നുണ്ടെങ്കിലും വൈദ്യുതി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇവർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കർഷകർ സമരം നടത്തിയത്. ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ ബഫർ സോൺ അടക്കം 54 മീറ്ററോളം സ്ഥലം ദീർഘകാല വിള നടത്താനോ വീട് വയ്ക്കാനോ കഴിയാത്ത അവസ്ഥ വരുമെന്ന് പറഞ്ഞാണ് കർഷകർ സമരം നടത്തിയത്. ജില്ലയിൽ 48 കിലോമീറ്റർ ദൂരം 100 ടവറാണ് പവർഹൈവേയ്ക്കായി സ്ഥാപിക്കുന്നത്. എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, എൻ എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കെഎസ്ഇബി എംഡി ബിജു പ്രഭാകർ, യുകെടിഎൽ കമ്പനിയുടെ പ്രോജക്ട് ഹെഡ് ജോഷിമാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച.തീരുമാനങ്ങൾലൈൻ വലിക്കുന്ന 23 മീറ്റർ വീതിക്കും ഇരുവശത്തുമായി ആകെ 23 മീറ്റർ ബഫർസോണും ഉൾപ്പെടെ ഏറ്റെടുക്കുന്ന 46 മീറ്റർ വീതിയിൽ മുഴുവൻ സ്ഥലത്തിനും നഷ്ടപരിഹാരം നൽകും. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവിലയുടെ 60 ശതമാനം ലഭിക്കും. നേരത്തേ ഇത് 15 ശതമാനമായിരുന്നു. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകും. മുമ്പ് ഇതു പരിഗണിച്ചില്ല. ദേശീയപാതയ്ക്ക് കണക്കാക്കിയ മാതൃകയിലാണ് നഷ്ടപരിഹാരം നൽകുക. 50 സെന്റിൽ താഴെ മാത്രമായുള്ള സ്ഥലത്തുകൂടെ ലൈൻ പോകുന്നുണ്ടെങ്കിൽ ആ സ്ഥലത്ത് മുഴുവൻ നഷ്ടപരിഹാര തുകയും നൽകും. മുറിച്ചുമാറ്റുന്ന വിളകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കും. റബറിന് 3500 എന്നത് 9000 രൂപയാക്കും. ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ഭൂമിയുടെ ന്യായവില കണക്കാക്കി അതിന്റെ 4 ഇരട്ടിയുടെ 85 ശതമാനം ലഭിക്കും. ലൈൻ പോകുന്ന സ്ഥലത്ത് വീട് നിർമിക്കാൻ വേഗത്തിൽ അനുമതി നൽകും. ടവർ സ്ഥാപിക്കുന്ന സ്ഥലം മാത്രമാണ് വിട്ടുകൊടുക്കുന്നത്. ബാക്കി ലൈൻ പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈമാറില്ല.

No comments