ഒരാഴ്ചക്കാലം നീണ്ടു നിന്ന ആദൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് സമാപനം
മുള്ളേരിയ : ഒരാഴ്ചക്കാലം ആദൂർ ഭഗവതി ക്ഷേത്രത്തിൽ നടന്ന പെരുങ്കളിയാട്ട മഹോത്സവത്തിന് സമാപനം. വെള്ളിയാഴ്ച ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നിരവധി തെയ്യങ്ങൾ അരങ്ങിലെത്തി. രാവിലെ ഏഴുമുതൽ വൈരാപുരത്ത് വടക്കൻ കോടി, അസുരാളൻ തെയ്യം, കല്ലങ്കര ചാമുണ്ഡി, മേച്ചേരി ചാമുണ്ഡി, വിഷ്ണുമൂർത്തി, മലങ്കര ചാമുണ്ഡി, കുണ്ടാർ ചാമുണ്ഡി, ഗുളികൻ തെയ്യങ്ങൾ നടന്നു. പെരുങ്കളിയാട്ടത്തിലെ പ്രധാന തെയ്യങ്ങളായ പുന്നക്കാൽ ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി, ആയിറ്റി ഭഗവതി എന്നിവരുടെ തിരുമുടി 351 വർഷത്തിന് ശേഷം മംഗല്യ കുഞ്ഞുങ്ങളുടേയും സ്ഥാനിക ആചാര അവകാശികളുടേയും അകമ്പടിയോടെ അരങ്ങിലെത്തി.
ക്ഷേത്രഅവകാശികളായ കാസർകോട് നെല്ലിക്കുന്ന് കണ്ണീരത്ത് തറവാട്, കരയപ്പൻ -കിരിയം ഭണ്ഡാരവീട് തറവാട്, മൂത്തില്ലം തറവാട് എന്നിവിടങ്ങളിൽ നിന്ന് മീനമൃതിനുള്ള മീൻകോവ എഴുന്നള്ളത്തുമുണ്ടായി. വൈകിട്ട് ഏഴിന് കൊട്ടിക്കളി, ഭരതനാട്യം എന്നിവക്ക് ശേഷം രാത്രി 11.50 ന് കളിയാട്ടത്തിന് കൊടിയിറങ്ങി. കളിയാട്ടത്തിന്റെ ഭാഗമായി 27,28 തീയതികളിൽ കാസർകോട് കടപ്പുറം ബബ്ബരിയ ദൈവസ്ഥാനത്ത് മാണിച്ചി തെയ്യം, ബബ്ബരിയ തെയ്യം എന്നിവയുണ്ടാകും.
No comments