തീ പിടുത്തത്തെ തുടർന്ന് അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെൻ്റർ 15 ന് തുറക്കും
റാണിപുരം : തീ പിടുത്തത്തെ തുടർന്ന് അടച്ചിട്ട റാണിപുരം ഇക്കോ ടൂറിസം സെൻ്റർ 15 ന് തുറക്കും. റാണിപുരത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷറഫിൻ്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടേയും, റാണിപുരം വന സംരക്ഷണ സമിതി ഭാരവാഹികളുടേയും യോഗത്തിലാണ് തീരുമാനം. പ്രദേശത്ത് തീ പിടുത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുവാനും തീരുമാനിച്ചു. റാണിപുരത്തെത്തുന്ന വിനോദ സഞ്ചാരികൾ തീ പിടുത്തം ഉണ്ടാകാൻ സാധ്യതയുള്ള സാധനങ്ങൾ വനത്തിൽ കയറ്റുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
മാനിപ്പുറത്ത് പുൽമേട്ടിൽ ഉണ്ടായ തീ പിടുത്തത്തിൽ പുൽമേടിൻ്റെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവിടേയ്ക്കുള്ള ട്രക്കിങ്ങ് നിറുത്തി വച്ചത്. യോഗത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി. സേസപ്പ, ആർ. ബാബു, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ്. മധുസൂദനൻ, വൈസ് പ്രസിഡൻ്റ് ഷിബി ജോയി, ട്രഷറർ എം.കെ സുരേഷ്, കമ്മറ്റിയംഗങ്ങൾ, വനം വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
No comments