Breaking News

കാസർഗോഡുകാരനായ മുഹമ്മദ് അസ്ഹറുദീന്റെ സെഞ്ച്വറിയുടെ കരുത്തിൽ രഞ്ജി ട്രോഫി സെമിഫൈനലിൽ കേരളം ശക്തമായ നിലയിലേക്ക്


കാസർകോട് : രഞ്ജി ട്രോഫി സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ ശക്തമായ നിലയിലേക്ക് കേരളം കടക്കുമ്പോൾ ജില്ലയിലെ കായികപ്രേമികൾക്ക് ഏറെ അഭിമാനിക്കാം. ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ തളങ്കരയിലെ മുഹമ്മദ് അസ്ഹറുദീൻ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം കൂറ്റൻ സ്കോറിലേക്കെത്തിയത്.ക്വാർട്ടർ ഫൈനലിലും അസ്ഹറിന്റെ മികവിലാണ് കേരളം സെമിയിലെത്തിയത്. ജന്മനാടായ തളങ്കരയിൽ വീട്ടുകാരും കൂട്ടുകാരും അസ്ഹറിന്റെ മുന്നേറ്റം ആഹ്ലാദത്തോടെ ആസ്വദിച്ചു.എറണാകുളം സേക്രഡ് ഹാർട്ട് കോളേജിൽ ബിരുദത്തിനുശേഷം അസ്ഹറുദീൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറയുടെ കീഴിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കി.ജീവിതം ക്രിക്കറ്റാക്കി മാറ്റിയ അസ്ഹറുദീൻ രഞ്ജി ട്രോഫി ക്രിക്കറ്റിലൂടെ ഐപിഎല്ലിലും സ്ഥാനംനേടി. കാസർകോട്ടെ ക്രിക്കറ്റ് കുടുംബത്തിലാണ് ജനിച്ചുവളർന്നത്. സഹോദരങ്ങളായ ജലാൽ, സിറാജുദീൻ, മുഹമ്മദലി, ഉനൈസ് എന്നിവർ ജില്ലാ ക്രിക്കറ്റ് ലീഗ് കളിക്കാരാണ്. അജ്മൽ എന്നായിരുന്നു അസ്ഹറുദീന് ആദ്യം പേരിട്ടിരുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദീന്റെ കടുത്ത ആരാധകനായിരുന്ന ജ്യേഷ്ഠൻ കമാലുദീനാണ് അസ്ഹറുദീൻ എന്ന പേരിലേക്ക് മാറ്റിയത്. തളങ്കര കടവത്തെ പരേതരായ പി കെ മൊയ്തുവിന്റെയും നഫീസയുടെയും മകനാണ്. തളങ്കരയിലെ ക്രിക്കറ്റ് ക്ലബ്ബായ ടിസിസിയിലൂടെയാണ് ക്രിക്കറ്റിൽ പരീക്ഷണങ്ങൾ നടത്തിയത്. ചെറുപ്രായത്തിൽ ജില്ലാ ലീഗ് പോരാട്ടങ്ങളിലെ വെടിക്കെട്ട് ബാറ്റ്സ്മാനായി. അണ്ടർ 19, 23
വിഭാഗങ്ങളിൽ കേരളത്തിന്റെ വിക്കറ്റ് കീപ്പറായും വലംകൈയൻ ബാറ്റ്സ്മാനായും നായകനായും തിളങ്ങി.

No comments