Breaking News

ബദിയഡുക്ക കാട്ടുകുക്കെയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ


കാസർകോട് : ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ, കാട്ടുകുക്കെയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഛത്തീസ്ഗഡ്, നാരായൺപൂർ സ്വദേശി ദീപക് കുമാർ സലാമി(32)നെയാണ് തമിഴ്നാട്, ഈറോഡിൽ വച്ച് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്. ഇൻസ്പെക്ടറുടെ നിർദ്ദേശ പ്രകാരം സിപിഒമാരായ ഗോകുൽ, ഹാരിഫ്, ശ്രീനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
2017 ഡിസംബർ 30നാണ് കാട്ടുകുക്കെയിലെ ബാലഗോപാല കൃഷ്ണഭട്ടിന്റെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്നു തിരിച്ചറിഞ്ഞു. ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടത് കർണ്ണാടകയിലെ ഗദഗ് സ്വദേശി ദേവപ്പ അജിയുടെ മകൻ ശരണദാസപ്പ അജി (28) യാണെന്നു കണ്ടെത്തി. ഇയാൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സിൽ താമസക്കാരായിരുന്ന ദീപക് കുമാർ സലാം, മധ്യപ്രദേശ് സ്വദേശി ഗീർവാർ സിംഗ് (30) എന്നിവരാണ് കൊല നടത്തിയതെന്നും കണ്ടെത്തി. ഇരുവരെയും അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ദീപക് കുമാർ സലാം ഒളിവിൽ പോയി. പലതവണ വാറന്റ് അയച്ചിട്ടും ഇയാൾ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

No comments