Breaking News

പി.ആർ. നമ്പ്യാർ സ്മാരക എ.കെ.എസ്.ടി.യു പുരസ്കാരം കാനായി കുഞ്ഞിരാമന്


കാഞ്ഞങ്ങാട്: സ്വാതന്ത്രസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിൻ്റ സ്ഥാപകനേതാവുമായിരുന്ന പി.ആർ നമ്പ്യാരുടെ സ്മരണക്കായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ഏർപ്പെടുത്തുന്ന പതിനൊന്നാമത് പുരസ്കാരം  പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്  സമർപ്പിക്കും.11111രൂപയും പ്രശസ്തിപത്രവും മെമെൻ്റോവും അടങ്ങുന്നതാണ് അവാർഡ് . സാർവ്വദേശീയതലത്തിൽ ശില്പകലയിലൂടെ പൂരോഗമനാശയ പ്രചാരണം നടത്തിയ ശില്പിയാണ് കാനായി കുഞ്ഞിരാമനെന്ന് അവാർഡ് നിർണ്ണയ സമിതി വിലയിരുത്തി. സാമൂഹിക അസമത്വങ്ങൾക്കെതിരെ ജനങ്ങളെ ചിന്തിപ്പിക്കാനും പ്രതിരോധങളുയർത്തുവാനും അദ്ദേഹത്തിൻ്റെ കലാപ്രവർത്തനങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

 ടി.വി. ബാലൻ, അജിത് കൊളാടി, എൻ.ശ്രീകുമാർ,

കെ.കെ സുധാകരൻ എന്നിവർ അടങ്ങിയ ജൂറിയാണ് കാനായി കുഞ്ഞിരാമനെ അവാർഡിനായി തെരഞ്ഞെടുത്തത്. 

കല, സാമൂഹിക,രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ഓരോ വർഷവും എ.കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി പുരസ്കാരം നല്കുന്നത്. കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സംഘടനയുടെ 28-ാമത് സംസ്ഥാന സമ്മേളനത്തിൽ ഫെബ്രു 13 ന് വൈകിട്ട് 5 ന് പുതിയ കോട്ട ഹെറിറ്റേജ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ അവാർഡ് വിതരണം ചെയ്യുമെന്ന് എ.കെ.എസ്.ടി.യു ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ , സംഘാടകസമിതി ജനറൽ കൺവീനർ കെ.പത്മനാഭൻ എന്നിവർ അറിയിച്ചു.

No comments