Breaking News

ഹരിതകേരളം മിഷനുമായി ചേർന്ന് സംസ്‌ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ഹരിത ലൈബ്രറി പദവിയിലേക്കുയരാൻ ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ ലൈബ്രറികൾ ഒരുങ്ങി


ചിറ്റാരിക്കാൽ: മാലിന്യമുക്‌തം നവകേരളം ക്യാംപെയിന്റെ ഭാഗമായി ഹരിതകേരളം മിഷനുമായി ചേർന്ന് സംസ്‌ഥാന ലൈബ്രറി കൗൺസിൽ നടപ്പാക്കുന്ന ഹരിത ലൈബ്രറി പദവിയിലേക്കുയരാൻ ഈസ്‌റ്റ് എളേരി പഞ്ചായത്തിലെ ലൈബ്രറികൾ ഒരുങ്ങി. അടുത്തമാസം 19ന് പഞ്ചായത്തിലെ എല്ലാ ലൈബ്രറികളിലും ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം നടത്താനുള്ള മുന്നൊരുക്കങ്ങൾ നടത്താനും ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി യോഗത്തിൽ തീരുമാനമായി. യോഗം ഈസ്‌റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫിലോമിന ജോണി ഉദ്ഘാടനം ചെയ്തു‌. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ. ഗോവിന്ദൻ അധ്യക്ഷനായി.

പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി, സ്‌ഥിരസമിതി അധ്യക്ഷൻമാരായ പ്രശാന്ത് സെബാസ്‌റ്റ്യൻ, കെ.കെ.മോഹനൻ, മേഴ്‌സി മാണി, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ, പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൺ കെ.കെ.രാഘവൻ ക്ലാസ് നയിച്ചു.

അടുത്തമാസം 5നകം എല്ലാ ലൈബ്രറികളിലും പൊതുജനങ്ങളെ പങ്കെടുപ്പിച്ച് ശിൽപ്പശാലകൾ നടത്തും. ഗ്രന്ഥശാലകളിലെ ബാലവേദി. ഹാപിനസ് ഫോറം. അക്ഷരസേന. വനിതാവേദി തുടങ്ങിയ എല്ലാ ഘടകങ്ങളേയും മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരേയും ഇതിൽ പങ്കാളികളാക്കും. ഗ്രന്ഥശാലകളും പൊതുഇടങ്ങളും മാലിന്യമുക്തമാക്കാനുള്ള കർമ പദ്ധതികൾക്കാണ് രൂപം നൽകുന്നത്.

No comments