മകനും ഭാര്യയും കളിയാട്ടം കാണാൻ പോയ സമയത്ത് വയോധിക കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചു
കാസർകോട്: മകനും ഭാര്യയും കളിയാട്ടം കാണാൻ പോയ സമയത്ത് വയോധിക കിടപ്പുമുറിയിൽ തീ കൊളുത്തി മരിച്ചു. അണങ്കൂർ, എം.ജി കോളനിയിലെ പരേതനായ എ.പി അപ്പുവിന്റെ ഭാര്യ ലക്ഷ്മി (85) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. മകൻ പ്രഭാകരന്റെ കൂടെയാണ് ലക്ഷ്മി താമസം. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ പ്രഭാകരനും ഭാര്യയും ലക്ഷ്മിക്കു ഇൻസുലിൻ കുത്തി വച്ച ശേഷം പുലിക്കുന്നിൽ നടക്കുന്ന കളിയാട്ടം കാണാൻ പോയ സമയത്തായിരുന്നു സംഭവം. അടുപ്പിൽ തീ പടർത്താൻ ഉപയോഗിക്കുന്ന ഏതോ ഇന്ധനം ദേഹത്ത് ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. വീട്ടിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ട അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വിവരമറിഞ്ഞ് പ്രഭാകരനും സ്ഥലത്തെത്തി. വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും ലക്ഷ്മിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ടൗൺ പൊലീസ് സ്ഥലത്തെത്തി. മറ്റു മക്കൾ: കുസുമ, സുമതി, പരേതനായ കൃഷ്ണൻ. മരുമക്കൾ: കുമാരൻ, ചന്ദ്രകല, സരസ്വതി, രവി. സഹോദരങ്ങൾ: നാരായണി, സുഗന്ധി, ഗീത, പരേതരായ മാധവി, വാസു.
No comments