ആദായനികുതി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തി; കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു
കാസർകോട്: കേന്ദ്ര ബജറ്റിൽ കേരളമെന്ന പേരുപോലും ഉച്ചരിക്കാത്ത കേന്ദ്രസർക്കാരിനെതിരെ ബഹുജനരോഷം ആളിക്കത്തിച്ച് പ്രതിഷേധമാർച്ച്. സിപിഐ എം ആഭിമുഖ്യത്തിൽ വിദ്യാനഗർ ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ എണ്ണായിരത്തോളം പ്രവർത്തകർ അണിനിരന്നു. ആദായ നികുതി ഓഫീസിന് മുന്നിൽ കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. രാവിലെ പത്തിന് വിദ്യാനഗർ അസാപ്പ് കേന്ദ്രത്തിന് മുന്നിൽ കേന്ദ്രീകരിച്ചാണ് പ്രകടനം തുടങ്ങിയത്. ദേശീയപാത സർവീസ് റോഡിലും ഉളിയത്തടുക്ക റോഡിലും ഗതാഗത തടസ്സമുണ്ടാക്കാതെ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. കേന്ദ്രവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാഡും ബാനറും ഉയർത്തിയാണ് ജാഥ നടത്തിയത്. ജില്ലാസെക്രട്ടറി എം രാജഗോപാലൻ എംഎൽഎ സ്വാഗത പ്രസംഗം അവസാനിപ്പിക്കുമ്പോഴും, ജാഥ പൂർണമായും യോഗ സ്ഥലത്ത് എത്തിയിരുന്നില്ല. കഴിഞ്ഞ ഒരാഴ്ച ഏരിയാകമ്മിറ്റികൾ ഗ്രാമ നഗര വീഫികളിൽ നടത്തിയ കാൽനട പ്രചരണ ജാഥകളിലൂടെ സമരസജ്ജരാക്കിയ ബഹുജനങ്ങളാണ് പ്രതിഷേധ പരിപാടിക്ക് എത്തിയത്. സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, മുൻ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ എന്നിവർ സംസാരിച്ചു.
കേന്ദ്രം പെരുമാറുന്നത് ശത്രുക്കളെ പോലെ: പി കെ ശ്രീമതി
കാസർകോട്: യുദ്ധത്തിൽ ശത്രുക്കളെ കാണുന്ന പോലെയണ് കേരളത്തോട് കേന്ദ്ര ബിജെപി സർക്കാർ പെരുമാറുന്നത് എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. ഇക്കാര്യം എല്ലാവർക്കും മനസ്സിലായിട്ടും കേരളത്തിലെ ബിജെപി മന്ത്രിമാരും കോൺഗ്രസ് എംപിമാരും മിണ്ടാതെ നിൽക്കുകയാണ് എന്നും അവർ പറഞ്ഞു. സിപിഐ എം ആഭിമുഖ്യത്തിൽ വിദ്യാനഗർ ആദായനികുതി ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അവർ.
കേരളത്തെ സ്നേഹിക്കുന്നവരാണെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടെ? കേരളത്തിന് അനാവശ്യമായ സഹായം വേണമെന്ന് ഞങ്ങൾ പറയുന്നില്ല. എന്നാൽ അർഹതപ്പെട്ട ആനുകൂല്യം ചോദിക്കുമ്പോൾ, അതിനെയൊന്ന് പിന്തുണക്കാൻ പോലും കോൺഗ്രസുകാർ തയ്യാറാകുന്നില്ല.
വയനാട്ടുകാർ നീതി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഡൽഹിയിൽ രാപ്പകൽ സമരം നടത്തി. നിരവധി പ്രതിപക്ഷ ദേശീയ നേതാക്കൾ അവിടെ എത്തി സംസാരിച്ചു. പക്ഷെ കോൺഗ്രസുകാരോ ലീഗുകാരോ വന്നില്ല. വയനാട്ടിലെ എംപി പോലും ഒന്ന് ശബ്ദിക്കാൻ തയ്യാറായില്ല. മുണ്ടക്കൈ ചൂരൽമല ദുരന്തം പാർലമെന്റിൽ ഉന്നയിക്കാൻ വയനാട് എംപി തയ്യാറായില്ല.
വയനാട്ടിലേക്ക് സഹായം നിഷേധിക്കുന്നത് തുടർന്നപ്പോൾ ഉണ്ടായ പ്രതിഷേധം പരിഗണിച്ച്, കുറച്ച് പണം വായ്പയായി നൽകി. പക്ഷെ, അതുടൻ ചെലവാക്കി രശീതി നൽകണമെന്നാണ് പറയുന്നത്. കേരളത്തിലെ വികസന മുന്നേറ്റം കണ്ട് കേന്ദ്രഭരണക്കാർക്ക് അസൂയയാണ്. കേന്ദ്രസർക്കാർ നിയോഗിച്ച നീതി ആയോഗിന്റെ ആദ്യ സിഇഒ അമിതാഭ് കാന്ത് തന്നെ കേരളത്തിന്റെ നേട്ടങ്ങളെ പറ്റി ഏറെ പുകഴ്ത്തി. ഇതൊന്നും അവർക്ക് ഇഷ്ടപ്പെടില്ല. അതിനാലാണ്, സഹായം വേണമെങ്കിൽ പിന്നോക്കമാണെന്ന് എഴുതി നൽകാൻ കേന്ദ്രമന്ത്രി തന്നെ ആവശ്യപ്പെട്ടത് എന്നും പി കെ ശ്രീമതി പറഞ്ഞു.
No comments