മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയിൽ അണ്ഡാശയം പൂർണ്ണമായി മുറിച്ചു മാറ്റിയതായി പരാതി ; ഡോക്ടർക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു
കാസർകോട്: മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയിൽ അണ്ഡാശയം പൂർണ്ണമായി മുറിച്ചു മാറ്റിയതായി പരാതി. യുവതി നൽകിയ പരാതി പ്രകാരം ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കൊളവയൽ സ്വദേശിനിയുടെ പരാതി പ്രകാരം നോർത്ത് കോട്ടച്ചേരിയിലെ പത്മ പോളിക്ലിനിക്കിലെ ഡോ. രേഷ്മ സുവർണ്ണയ്ക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. വയറു വേദനയെ തുടർന്നാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധനയിൽ വലതു ഭാഗത്തെ അണ്ഡാശയത്തിൽ മുഴയുള്ളതായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇതു പ്രകാരം 2021 സെപ്തംബർ 27ന് യുവതി ശസ്ത്രക്രിയക്ക് വിധേയയായി. മാസങ്ങൾക്കു ശേഷം വയറു വേദന വീണ്ടും അനുഭവപ്പെട്ടതോടെ പരാതിക്കാരി വീണ്ടും ഡോക്ടറെ സമീപിച്ചു മരുന്നെടുത്തുവെങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല. 2024 ജനുവരി മാസം സ്കാൻ ചെയ്തപ്പോഴാണ് വലതു ഭാഗത്തെ അണ്ഡാശയം പൂർണ്ണമായും നീക്കിയ കാര്യം അറിഞ്ഞത്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കാണാൻ ശ്രമിച്ചുവെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ആശുപത്രിയിൽ നിന്നു ലഭിച്ചതെന്നു പരാതിക്കാരി പറഞ്ഞു. തുടർന്ന് മുഖ്യമന്ത്രിക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതി നൽകി. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് യുവതി ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകിയതും കേസെടുത്തതും. ഇൻസ്പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
No comments