Breaking News

മരുന്നു കടയിലെത്തി ഉടമയുടെ മൂന്നരപ്പവൻ സ്വർണ്ണമാല പൊട്ടിച്ചോടിയ കുപ്രസിദ്ധ ക്രിമിനൽ സംഘം പിടിയിൽ


കാസർകോട് : ആയൂർവേദ മരുന്നു കടയിലെത്തി ഉടമയുടെ മൂന്നരപ്പവൻ സ്വർണ്ണമാല പൊട്ടിച്ചോടിയ കുപ്രസിദ്ധ ക്രിമിനൽ സംഘം അറസ്റ്റിൽ. കർണ്ണാടക, പുത്തൂർ, കുഞ്ചൂർ, പഞ്ച സ്വദേശി ഷംസുദ്ദീൻ അസ്ക്കർ അലി (28), പുത്തൂർ ബന്നൂരിലെ ബിഎ നൗഷാദ് (37) എന്നിവരെയാണ് ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ കെ. സുധീർ, എസ്.ഐ കെ.കെ നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. മംഗ്ളൂരുവിലെ ജ്വല്ലറിയിൽ വിൽപ്പന നടത്തിയ മാല പ്രതികളുടെ സഹായത്തോടെ കണ്ടെടുത്തു.

ഫെബ്രുവരി 11ന് നീർച്ചാൽ, മേലെ ബസാറിലെ ആയുർവേദ കടയിലാണ് കേസിനാസ്പദമായ സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ആയുർവേദ കടയിൽ എത്തി നെഞ്ചുവേദനയ്ക്കുള്ള മരുന്നു ചോദിച്ചു. കടയുടമയായ എസ്.എൻ സരോജിനി (64) മരുന്നു നൽകുന്നതിനിടയിൽ യുവാവ് മാല പൊട്ടിച്ചോടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ബദിയഡുക്ക പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ദിവസങ്ങൾക്കകം പിടികൂടിയത്. ഇരുവർക്കുമെതിരെ കർണ്ണാടകയിൽ നിരവധി കേസുകൾ ഉണ്ടെന്നും നൗഷാദിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ മുക്കുപണ്ടം പണയം വെച്ചതിനു കേസുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിപിഒമാരായ ഹാരിഷ്, ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു.

No comments