Breaking News

വിദ്യാനഗർ സിവിൽ സ്റ്റേഷനിലുള്ള ആർ ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ; ക്രമക്കേടുകൾ കണ്ടെത്തി


കാസർകോട് : വിദ്യാനഗർ സിവിൽ സ്റ്റേഷനിലുള്ള ആർ ടി ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.വിവിധ ആവശ്യങ്ങൾക്ക് വരുന്ന ആൾക്കാരുടെ ഫയലുകൾ വച്ചുതാമസിപ്പിക്കുകയും ഏജന്റുമാർ നിരന്തരം കയറിയിറങ്ങുന്നുവെന്നുമുള്ള പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാർ മുഖാന്തരം കൊടുക്കുന്ന ഫയലുകൾ പെട്ടെന്ന് തീർപ്പാക്കുന്ന ഓഫീസിൽ നേരിട്ട് അപേക്ഷ നൽകിയാൽ, ജീവനക്കാർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണെന്ന് പരാതിയുണ്ട്. ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ് ടെസ്റ്റ്, വാഹന രജിസ്ട്രേഷൻ, ഡൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് അപേക്ഷ എന്നിവയിൽ ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ
കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡിവൈഎസ്പി വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ വ്യാഴം രാവിലെ മുതൽ പരിശോധന നടത്തിയത്.സമ്മതപത്രം ഇല്ലാതെ ഏജന്റുമാർ സൂക്ഷിച്ച നിരവധി റെക്കോഡുകളും ഏജന്റുമാർ വഴി ഉദ്യോഗസ്ഥർക്ക് തുക കൈമാറുന്നതിനുള്ള
നിരവധി തെളിവുകളും പരിശോധനയിൽ വിജിലൻസ് സംഘം കണ്ടെത്തി. തുടരന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്ക് ശുപാർശ സമർപ്പിക്കാൻ വിജിലൻസ് തീരുമാനിച്ചു. പരിവാഹനുണ്ട്; ഒന്നും നടക്കില്ല
വാഹനസംബന്ധമായ എല്ലാ അപേക്ഷകളും ഇപ്പോൾ പരിവാഹൻ സേവാ സൈറ്റ് വഴി ഓൺലൈനായാണ് നടത്തുന്നത്. എന്നാൽ കാസർകോട് ആർടി ഓഫീസിൽ
ഓൺലൈൻ ഇടപാടുകൾ നേരിട്ട് നടത്തിയാൽ പെട്ടുപോകുമെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. ഏജന്റുമാർ കൗണ്ടറിന് മുന്നിൽ തമ്പടിച്ച് നിൽക്കുന്നുണ്ടാകും. ഒറ്റ അപേക്ഷ പോലും കൗണ്ടറിന് മുന്നിലേക്ക് മറ്റുള്ളവർക്ക് എത്തിക്കാനാകില്ലെന്നാണ് പരാതിക്കാർ പറയുന്നത്. ഏജന്റുമാർ പ്രത്യേക ഉപഹാരം നൽകുന്നതിനാലാണിതെന്നാണ് ആക്ഷേപം. വ്യാഴാഴ്ചത്തെ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചതായും സൂചനയുണ്ട്.

No comments