കാത്തിരിപ്പിന് വിരാമം... 52 വർഷത്തിന് ശേഷം ബളാൽ പുല്ലൊടിയിലെ രാമന് പട്ടയം ലഭിച്ചു
ബളാൽ : നീണ്ട 52 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമന് പട്ടയം ലഭിച്ചു. ബളാൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പുല്ലൊടി ചീറ്റയിലെ രാമനാണ് നീണ്ട 52 വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചത്. പാരമ്പര്യമായി കൈവശം വച്ച് വന്നിരുന്ന 68 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയത്തിനായി രാമൻ വിവിധ ഓഫീസുകൾ വർഷങ്ങളായി കയറിയിറങ്ങിയെങ്കിലും പട്ടയം ലഭിച്ചില്ല. ഇതുമൂലം വീട് ഉൾപ്പെടെയുള്ള ഒരു സർക്കാർ ആനുകൂല്യവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഇക്കാര്യം കണ്ണീർ വാടിയിലെ സന്തോഷ്, പാടിയിലെ രാമകൃഷ്ണൻ, പുല്ലൊടിയിലെ രമണി എന്നിവർ സാമൂഹ്യ പ്രവർത്തകനും, കേരള വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ് ഹിതരക്ഷ പ്രമുഖും, ഇപ്പോൾ ഇടുക്കി ജില്ലാ സംഘടനാ സെക്രട്ടറിയുമായ ഷിബു പാണത്തൂരിൻ്റെ ശ്രദ്ധയിൽ പെടുത്തി. ഇദ്ദേഹത്തിൻ്റെ ഇടപെടലാണ് രാമന് പട്ടയം ലഭിക്കാൻ കാരണമായത്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ആവശ്യമായ രേഖകൾ തയ്യാറാക്കി ലാൻ്റ് ട്രൈബ്യൂണലിൽ നൽകിയ അപേക്ഷയിൽ വിശദമായ പരിശോധനക്ക് ശേഷം കാഞ്ഞങ്ങാട് ലാൻഡ് ട്രിബൂണലാണ് രാമന് പട്ടയം അനുവദിച്ചത്.
No comments