ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് പെരിയങ്ങാനം സ്വദേശിയായ യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ
ഭീമനടി : ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് യുവാവ് അത്യാസന്ന നിലയിൽ ചികിത്സയിൽ . പെരിയങ്ങാനത്തെ പി വി ചന്ദ്രമതിയുടെ മകൻ പി വി മനോജ് എന്ന (ബാബു 46) ആണ് ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കൊന്നക്കാട് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന 'പുഞ്ചിരി' ബസിൽ പുല്ലുമല സ്റ്റോപ്പിൽ നിന്നുമാണ് മനോജ് കയറുന്നത്. കയറിയ ഉടൻ തന്നെ ഡോർ പോലും അടക്കാതെ ബസ് വിടുകയും മനോജ് പുറത്തേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവൻ നിലനിർത്തുന്നത്.
തലയിൽ രക്തസ്രാവം കൂടിയിട്ടുണ്ടെന്നും ഈ സ്ഥിതിയിൽ സർജറി ഒന്നും തന്നെ ചെയ്യാൻ കഴിയില്ലെന്നും മിംസിലെ വിദഗ്ധരടങ്ങുന്ന ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞു. തീർത്തും നിർധനരായ കുടുംബമാണ് മുൻ ബസ് ജീവനക്കാരൻ കൂടിയായ മനോജിന്റേത്. യാത്രക്കാർ കയറിയാൽ ഉടൻ തന്നെ ഡോർ അടക്കണമെന്നുണ്ടെങ്കിലും കുട്ടിളെ ഉൾപ്പെടെ യാത്ര ചെയ്യുമ്പോഴും പലപ്പോഴും ഡോർ അടക്കാൻ ബസ് ജീവനക്കാർ തയ്യാറാകാറില്ലയെന്ന് വ്യാപക പരാതിയുണ്ട്. ബസ് ഡ്രൈവർക്കെതിരെ നീലേശ്വരം പോലീസ് കേസ് എടുത്തു.
No comments