പിതാവിനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനെന്ന് കോടതി ചിറ്റാരിക്കാൽ അതിരുമാവിലെ പാപ്പിനി വീട്ടിൽ ദാമോദര(62)നെ കൊലപ്പെടുത്തിയ കേസിലാണ് വിധി
ചിറ്റാരിക്കാൽ : പിതാവിനെ വിറക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ചിറ്റാരിക്കാൽ പൊലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാലോം ഗ്രാമത്തിലെ അതിരുമാവു കോളനിയിലെ പാപ്പിനി വീട്ടിൽ ദാമോദര(62)നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ മകൻ അനീഷി(36)നെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെക്ഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ദൃക്സാക്ഷികളായ കൊല്ലപ്പെട്ട ദാമോദരന്റെ ഭാര്യ രാധാമണി, മക്കളായ സനീഷ്, ദിവ്യ എന്നിവരും അയൽവാസികളും കൂറുമാറിയിട്ടും കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു.
2019 ജൂലൈ 28ന് രാത്രി 11.45 നാണ് കൊല നടന്നത്. രാത്രി മദ്യപിച്ചെത്തിയ പ്രതി പിതാവുമായി വാക്കേറ്റം നടത്തിയിരുന്നു. തുടർന്ന് കൊല്ലപ്പെട്ട ദാമോദരൻ ഭാര്യ രാധാമണിയെ ആക്രമിക്കാൻ വാക്കത്തിയുമായി പോയപ്പോൾ പ്രതി തടയുകയായിരുന്നു. അതിനിടെ അനീഷിന് പരിക്കേറ്റിരുന്നു. കൂടുതൽ പ്രകോപിതനായപ്പോൾ മകൻ വീട്ടിലെ വിറക് ഷെഡിൽ നിന്ന് വിറകെടുത്ത് ദാമോദരന്റെ തലക്ക് അടിച്ചു പരിക്കേൽപ്പിക്കേൽപ്പിക്കുകയായിരുന്നെന്ന് പറയുന്നു. പരിക്കേറ്റ ദാമോദരൻ ചോരവാർന്നാണ് മരണപ്പെടുന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിടിവലിക്കിടയിൽ പ്രതിയുടെ കൈക്കേറ്റ മുറിവും മരണപ്പെട്ട ദാമോദരന്റെ വസ്ത്രത്തിൽ നിന്നും മറ്റു തൊണ്ടിമുതലുകളിൽ നിന്നും കിട്ടിയ പ്രതിയുടെ രക്തത്തിന്റെ സാന്നിദ്ധ്യവും കേസിൽ നിർണ്ണായക തെളിവായി.
കേസിൽ പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്തരിച്ചു. 39 രേഖകളും പതിനൊന്ന് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു. സംഭവ സമയത്ത് ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന വിനോദ് കുമാർ കെ.പി.യാണ് കേസന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പ്രതിയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു പോക്സോ കേസും നിലവിലുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വക്കറ്റ് ആതിര ബാലൻ എന്നിവർ ഹാജരായി.
No comments