Breaking News

കൊളത്തൂർ, നിടുവോട്ട് കൂട്ടിൽ കുടുങ്ങിയത് ഇണയെത്തേടി അലഞ്ഞ് ഭീതി പരത്തിയ അഞ്ചു വയസ്സുള്ള ആൺപുലി


കാസർകോട് : ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ, നിടുവോട്ട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ബുധനാഴ്ച പുലർച്ചെ കുടുങ്ങിയ പുലിയെ എവിടെ തുറന്നു വിടണമെന്ന കാര്യത്തിൽ തീരുമാനമായില്ല. കുറ്റിക്കോൽ, പള്ളത്തുങ്കാലിലെ വനം വകുപ്പ് ഓഫീസിന്റെ മുറ്റത്തേക്കു മാറ്റിയ കൂട്ടിൽ പുലി ശാന്തനായി ഉറങ്ങുകയാണ്. കണ്ണൂരിൽ നിന്നും എത്തിയ വെറ്റിനറി ഡോക്ടർ പുലിയെ പരിശോധിച്ചു. പുറമേക്ക് പരിക്കുകളൊന്നും കാണാത്തതിനാൽ പുലിയെ സുരക്ഷിത കേന്ദ്രത്തിൽ തുറന്നു വിടുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണ് ഡോക്ടർ വ്യക്തമാക്കിയത്. അഞ്ചു വയസ്സുള്ള ആൺ പുലിയാണ് നിടുവോട്ടെ ജനാർദ്ദനന്റെ റബ്ബർ തോട്ടത്തിൽ വച്ച കൂട്ടിൽ കുടുങ്ങിയത്. ഫെബ്രുവരി 23നും ഇതേ സ്ഥലത്തു നിന്നു ഒരു പുലിയെ വനം വകുപ്പ് കൂടു സ്ഥാപിച്ച് പിടികൂടിയിരുന്നു. അന്നു പിടികൂടിയത് പെൺപുലിയെയായിരുന്നു. രണ്ടു പുലികൾ പ്രദേശത്തു ചുറ്റിക്കറങ്ങുന്നതായി നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. അവയിലൊന്നാണ് അന്ന് കൂട്ടിൽ കുടുങ്ങിയത്. ഇണയെ കാണാതായതോടെ ആൺ പുലി കൊളത്തൂർ കടന്ന് സമീപ പ്രദേശങ്ങളിലൊക്കെ അലഞ്ഞു തിരിയുകയും ഭീതി പരത്തുകയും ചെയ്തിരുന്നു. ഒടുവിൽ നിടുവോട്ട് തന്നെ തിരിച്ചെത്തിയപ്പോൾ വനം വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങുകയും ചെയ്തു. ഇതോടെയാണ് വീണ്ടും കൂടു വച്ചതും ഇണയെ തേടി നടന്ന ആൺപുലി കെണിയിൽ കുടുങ്ങിയതും.

No comments