Breaking News

അർഹതയ്ക്കുള്ള അംഗീകാരം മികച്ച ക്ഷീര കർഷകനായി കടുമേനി പട്ടേങ്ങാനം സ്വദേശി ജോസഫ് വർക്കി


ഭീമനടി : ഇത്തവണത്തെ മികച്ച ക്ഷീര കർഷകനായി സർക്കാർ തെരഞ്ഞെടുത്ത ജോസഫ് വർക്കിക്ക് ഇത് അർഹതയ്ക്കുള്ള അംഗീകാരമായി. കാസർകോട് ജില്ലയിൽ പരപ്പ ബ്ലോക്കിലെ മണ്ഡപം ക്ഷീരസഹകരണ സംഘത്തിൽ പാൽ അളക്കുന്ന മുണ്ടയ്ക്കൽ ജോസഫ് വർക്കി ഈസ്റ്റ്‌ എളേരി പഞ്ചായത്തിലെ കടുമേനി പട്ടേങ്ങാനം സ്വദേശിയാണ്. കാലി വളർത്തൽ ജീവിത മാർഗമായി മാറ്റിയ ഈ കർഷക കുടുംബത്തിന് കിട്ടിയ അംഗീകാരത്തിന് ഇരട്ടി മധുരമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 79262.6ലിറ്റർ പാലാണ് അളന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ച് വർഷം മുമ്പ് നാട്ടിലെത്തിയ ഈ 56കാരൻ ക്ഷീര കൃഷി ജീവതമാർഗമായി തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിൽ ഇയാളും ഭാര്യ ഷീജയും മക്കളും കൂടി തുടങ്ങി. ഇപ്പോൾ സഹായത്തിന് അനുജത്തിയും ഭർത്താവും കൂടി ഉണ്ട്. പുറത്തു നിന്ന് ആരും ഇല്ല. നിലവിൽ 40 കറവ പശുക്കളും 15കിടാങ്ങളും ഉണ്ട്. ഇപ്പോൾ 350നും, 400നും ഇടയിൽ ലിറ്റർ പാൽ ദിവസവും സൊസൈറ്റിയിൽ അളക്കുന്നു. മൂന്ന് കിലോമീറ്റർ ദൂരമുള്ള സൊസൈറ്റിയിലേക്ക് രണ്ട് നേരവും തന്റെ സ്വന്തം ജീപ്പിൽ പാൽ എത്തിക്കും. ക്ഷീരവികസന വകുപ്പിൽ നിന്നും, മിൽമയിൽ നിന്നും എല്ലാം സഹായങ്ങൾ ലഭിക്കുന്നു. ഈ വർഷത്തെ ജില്ലയിലെ മികച്ച ക്ഷീര കർഷകനുള്ള അംഗീകാരം ലഭിച്ചിരുന്നു. സംസ്ഥാന അവാർഡ് ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ഈ കുടുംബം.

No comments