കോടോം ബേളൂർ കണ്ടെടുക്കത്ത് പുലിയിറങ്ങി 2 ആടുകളെ കടിച്ചു കൊന്നു
ഒടയംചാൽ : കോടോം ബേളൂർ പഞ്ചായത്തിലെ കണ്ടെടുക്കത്ത് പുലിയിറങ്ങി 2 ആടുകളെ കടിച്ചു കൊന്നു. കണ്ടെടുക്കത്ത് വിജയകുമാറിന്റെ ആടുകളെയാണ് കൊന്നത്. വ്യാഴാഴ്ച രാവിലെ ആടുകളെ മേയാൻ വിട്ടിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ടോടെ വനത്തിനോടു ചേർന്നുള്ള റബർ തോട്ടത്തിൽ ഇറച്ചി പൂർണമായും ഭക്ഷിച്ച നിലയിൽ ആടിന്റെ അസ്ഥികൂടം ലഭിച്ചത്.
ഒരു മാസം മുൻപ് തൊട്ടടുത്ത കാവേരിക്കുളത്തെ വട്ടക്കളം ജോർജിന്റെ ആടിനെ പുലി കൊന്നിരുന്നു.പുലി ആടിനെ കടിച്ച് കൊണ്ടു പോകുന്നതായി വീട്ടുകാർ കണ്ടിരുന്നു. ഇവിടെ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചിരുന്നെങ്കിലും പുലിയുടെ സാന്നിധ്യം പിന്നീട് കണ്ടെത്താനായില്ല. ഇന്നലെ കണ്ടെടുക്കത്ത് വീണ്ടും പുലിയിറങ്ങിയെന്ന വാർത്ത പരന്നതോടെ വനംവകുപ്പ് പനത്തടി സെക്ഷൻ ഫോറസ്റ്റർ ബി.സേസപ്പയുടെ നേതൃത്വത്തിൽ ആർആർടി സംഘം സ്ഥലത്ത് പരിശോധന നടത്തി.
No comments