ആടിയും പാടിയും ഒപ്പരം.. ആവേശമായി പാറപ്പള്ളിയിലെ വയോജന സംഗമം
പാറപ്പള്ളി : കോടോംബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൻ്റെ വയോജന സംഗമം 'ഒപ്പരം 'പാറപ്പള്ളിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു.വാർഡിൽ രൂപീകരിച്ച സായാഹ്നം വയോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 11 അയൽ സഭാ കൂട്ടായ്മകളും പ്രവർത്തിച്ചു വരികയാണ്. ഇവയുടെ നേതൃത്വത്തിൽ 250ളം ആളുകൾ 50 ഐറ്റങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് അവതരിപ്പിച്ചത്.പ്രായം മറന്ന് അമ്മമാർ അവതരിപ്പിച്ച ഒപ്പന,സംഘനൃത്തം, സംഘഗാനം എന്നിവയും ലാലൂർ പങ്കജാക്ഷി, ചുണ്ണംകുളം കല്യാണി എന്നിവരുടെ നൃത്തവും കാണികളിൽ ആശ്ചര്യവും ആവേശവും വിതറി. മാപ്പിളപ്പാട്ട്,പൂരക്കളി - കോൽക്കളി പാട്ട്, നാടൻപ്പാട്ട്, നാട്ടിപ്പാട്ട്, കവിത, സിനിമാഗാനം എന്നിവയെല്ലാം വിവിധ അയൽ സഭയിൽ നിന്നും വന്നവർ ആവേശത്തോടെ അവതരിപ്പിച്ചു. എഴുപതും എൺപതും വയസ്സ് പിന്നിട്ട അമ്മൂമ്മമാർ ആദ്യമായി സ്റ്റേജിൽ കയറുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി .ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, പഞ്ചായത്ത് റിസോഴ്സ് പേർസൺ കെ.രാമചന്ദ്രൻ മാസ്റ്റർ, എ സലിം, പ്രമുഖ എഴുത്തുകാരൻ നാരായണൻ അമ്പലത്തറ, പി.നാരായണൻ എന്നിവർ ആശംസകൾ നേർന്നു. സിനി ആർട്ടിസ്റ്റും പ്രമുഖ അവതാരകയുമായ ഷാന ബാലൂർ,പ്രമുഖ നാടൻ പാട്ടുകാരൻ രതീഷ് അമ്പലത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വയോ ക്ലബ്ബ് സെക്രട്ടറി പി.എം.രാമചന്ദ്രൻ സ്വാഗതവും വാർഡ് കൺവീനർ പി.ജയകുമാർ നന്ദിയും പറഞ്ഞു.
No comments