വെള്ളരിക്കുണ്ട് ഗവ :ആശുപത്രി മുറ്റത്ത് ഫല വൃക്ഷതൈകൾ നട്ടു കൊണ്ട് വിദ്യാർത്ഥികളുടെ പടിയിറക്കം...
വെള്ളരിക്കുണ്ട് : ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് വ്യത്യസ്തമായൊരു യാത്രയയപ്പ്. നിറങ്ങൾ വാരിയെറിഞ്ഞും പരസ്പരം യൂണിഫോമിൽ കുത്തിവരച്ചും സെന്റ് ഓഫുകൾ ആഘോഷിക്കുന്ന ഈ കാലഘട്ടത്തിൽ വെള്ളരിക്കുണ്ട് എൽ സി സി ട്യൂഷൻ സെന്ററിലെ പ്ലസ്‌ടു വിദ്യാർത്ഥികളാണ് ഈ വ്യത്യസ്തമായ യാത്രയപ്പ് സംഘടിപ്പിച്ചത്. യാത്രയയപ്പിനോട് അനുബന്ധിച്ച്, ഹരിതം വെള്ളരിക്കുണ്ട് പദ്ധതിയുമായി ചേർന്ന് വെള്ളരിക്കുണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 12 ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് അധ്യക്ഷത വഹിച്ച പരുപാടി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുതിയ തലമുറക്ക് നല്ല മാതൃക പകർന്ന് നൽകിയ വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ എൽ സി സി യുടെ പി ടി എ പ്രസിഡന്റ് ബാബു കല്ലറക്കൽ സ്വാഗതം ആശംസിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് മെമ്പർ വിനു കെ ആർ, മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിനിൽ വി , വ്യാപാരി വ്യവസായി പ്രസിഡന്റ് തോമസ് ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ, ചുള്ളി ഫാം ഡയറക്ടർ ബിനോയ്, എൽ സി സി യിലെ സ്റ്റാഫ് ആയ ജിബിൻ മാത്യു, കവിത വേണുഗോപാൽ, ലിനു മാത്യു എന്നിവർ ചടങ്ങിൽ വിദ്യാർത്ഥികളോടൊപ്പം പങ്കെടുത്തു.
No comments