നീലേശ്വരം : നാടിന്റെ ചിരകാല സ്വപ്നമായ കിളിയളം പാലം യാഥാർഥ്യമായ സന്തോഷത്തിലാണ് നാട്ടുകാർ. കിനാനൂർ കരിന്തളം, കോടോം ബേളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കിളിയളം-- വരഞ്ഞൂർ-- കമ്മാടം കിഫ്ബി റോഡിൽ കിളിയളം ചാലിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് ഒരുങ്ങി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2016--2017 കിഫ്ബി പദ്ധതിയിലാണ് പാലവും ഇരുഭാഗത്തേക്കുമുള്ള റോഡും ഉൾപ്പെടുത്തിയത്. പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗം പാലം പ്രോജക്ടിന് 2021 ഫെബ്രുവരിയിൽ എസ്റ്റിമേറ്റ് അംഗീകരിച്ചു. 2021 നവംബറിൽ 4.20 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നിർമാണം വൈകി. പാലത്തിന്റെ അപ്രോച്ച് റോഡ് ഇരുഭാഗത്തും നേരത്തേ പൂർത്തിയായി. ചാങ്ങാട്, പുതുക്കുന്ന്, വട്ടക്കല്ല്, ചേടിക്കുണ്ട്, വരഞ്ഞൂർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൊല്ലമ്പാറ വഴി നീലേശ്വരത്തേക്ക് പാലം വഴി എളുപ്പത്തിൽ എത്താം. പഞ്ചായത്ത് ഓഫീസ്, റേഷൻ കട, കുടുംബാരോഗ്യ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനും സൗകര്യമാവും. 25 കോടി ചിലവിലാണ് കിളിയളം-- വരഞ്ഞൂർ-- കമ്മാടം റോഡ് പൂർത്തിയാക്കിയത്.
No comments