തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് സമാപനം
തൃക്കരിപ്പൂർ : പതിനെട്ട് ആയുധങ്ങൾ കൈമാറി പടക്കത്തി ഭഗവതിയും ഒപ്പം ആര്യക്കര ഭഗവതിയും നാൽപ്പത്തീരടി തിരുമുടിയേറ്റി അരങ്ങിലെത്തിപ്പോൾ രാമവില്യം കഴകമുറ്റത്ത് നിറഞ്ഞുകവിഞ്ഞ പുരുഷാരം ഒന്നാകെ വരവേറ്റു. തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിന് സമാപനം കുറിച്ചാണ് ഇരു ഭഗവതിമാരും ക്ഷേത്രമുറ്റത്ത് ഉറഞ്ഞാടിയത്. കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും സർവാഭരണ വിഭൂഷിതയായ പടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചു. തുടർന്ന് ആര്യക്കര ഭഗവതിയും ക്ഷേത്രമുറ്റത്തെത്തി. രാവിലെ ഇളമ്പച്ചി മണക്കാട് തറവാട്ടിൽനിന്നും കലശം ക്ഷേത്രത്തിലെത്തിച്ച ശേഷം തേങ്ങാക്കല്ലിൽ വലം വച്ച് വടക്കത്തി ഭഗതിയുടെ അറയുടെ പിറകിലുള്ള വലിയ കലശത്തറമേൽ വച്ചു. 10.19 നും 11.30 നും ഇടയിലായിരുന്നു ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തികളുടെ തിരുപ്പുറപ്പാട്. പിലിക്കോട് തെക്കുംകര ബാബു കർണമൂർത്തി പടക്കത്തി ഭഗവതിയുടെയും ഏഴോം പ്രതീഷ് മണക്കാടൻ ആര്യക്കര ഭാഗവതിയുടെയും തിരുമുടിയണിഞ്ഞു. പെരുങ്കളിയാട്ടത്തിന്റെ വരച്ചു വയ്ക്കൽ ചടങ്ങ് മുതൽ ക്ഷേത്ര പരിസരത്തെ കുച്ചിലിൽ തീവ്ര വ്രതനിഷ്ഠയിലായിരുന്നു ഇരുവരും. ജില്ലയുടെ ഇതര ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽ നിന്നുമായി ആയിരങ്ങളാണ് പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ക്ഷേത്രത്തിലെത്തിയത്.
No comments