ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പത്താംതരം വിദ്യാർഥികൾക്കെതിരെ കേസ്
കാഞ്ഞങ്ങാട്: ടർഫിൽ ഫുട്ബോൾ കളി കാണാൻ എത്തിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിക്കുകയും കുഴിയിലേയ്ക്ക് തള്ളിയിട്ട് കാലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്ത സംഭവത്തിൽ പത്താംക്ലാസ് വിദ്യാർത്ഥികൾക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പള്ളിക്കര, തെക്കേക്കുന്ന് സ്വദേശി വിശാഖ് കൃഷ്ണ (14)യാണ് ഇതേ സ്കൂളിലെ പത്താംതരം വിദ്യാർഥികൾ ചേർന്ന് അക്രമിച്ചത്.
ഫെബ്രുവരി 23 ന് കാഞ്ഞങ്ങാട്, നോർത്ത് കോട്ടച്ചേരിക്ക് സമീപത്തെ ടർഫിന് സമീപത്താണ് സംഭവം. വിശാഖ് കൃഷ്ണന്റെ സഹോദരൻ പൃഥ്വിയെ ഒരു കൂട്ടം വിദ്യാർത്ഥികൾ മർദ്ദിച്ചത് ചോദ്യം ചെയ്ത വിരോധത്തിലാണ് വിശാഖ് കൃഷ്ണനെ ആക്രമിക്കുകയും മുഖത്തടിക്കുക യും പുറത്ത് ചവിട്ടുകയും ചെയ്ത ശേഷം ആറടി താഴ്ചയുള്ള കുഴിയിലേയ്ക്ക് തള്ളിയിട്ടതെന്ന് മാതാവ് ടി ജി പ്രീത കാസർകോട് സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ എത്തിയാണ് വിശാഖിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പിന്നിട് ജില്ലാശുപത്രിയിൽ നിന്ന് മംഗളൂരു ദേർലക്കട്ടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. വീഴ്ചയിൽ വലതു കാലിന്റെ എല്ലൊടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. ടർഫിൽ കളിക്കാൻ എത്തുന്ന 18 വയസു വരെയുള്ള കുട്ടികൾക്ക് രാത്രി 7 മണി വരെയും മുതിർന്നവർക്ക് രാത്രി 12 മണി വരെയുമാണ് കളിക്കാൻ അനുവദം നൽകിയിട്ടുള്ളത്. ലംഘനം നടത്തിയാൽ ടർഫ് ഉടമകൾക്കെതിരെ കേസെടുക്കുമെന്നും ഇന്നുമുതൽ പരിശോധന കർശനമാക്കുമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പെരിങ്ങോത്ത് അറിയിച്ചു.
No comments