Breaking News

പടന്നക്കാട് മേൽപ്പാലം - വെള്ളരിക്കുണ്ട് റോഡ് സ്ഥലലഭ്യത ഉറപ്പാക്കിയാൽ ധനകാര്യ അംഗീകാരം നൽകും: മന്ത്രി


കാഞ്ഞങ്ങാട് പടന്നക്കാട് മേൽപ്പാലം -- വെള്ളരിക്കുണ്ട് റോഡിന് സ്ഥലം ലഭ്യത ഉറപ്പാക്കിയാൽ പദ്ധതിക്ക് ധനകാര്യ അംഗീകാരം നൽകുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.കാഞ്ഞങ്ങാട് മണ്ഡലത്തിലെ കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ, കോടോം - ബേളൂർ, കിനാനൂർ - കരിന്തളം പഞ്ചായത്തുകൾ എന്നിവയെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധപ്പെടുത്തുന്ന റോഡിന് 60 കോടി രൂപയുടെ

ഭരണാനുമതിയാണുള്ളതാണ്. റോഡ് ആരംഭിക്കുന്ന പടന്നക്കാട് ഭാഗത്ത് റോഡ് വികസനത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ഇതുവരെ സാധിച്ചില്ല. ബാക്കി ഭാഗങ്ങളിൽ ആവശ്യമായ ഭൂമി വിട്ടു നൽകുന്നതിന് മുമ്പേ സമ്മതം നൽകിയതാണ്. പ്രവൃത്തിയുടെ ഒന്നാംഘട്ടമായി പുളിക്കാൽ, ആനപ്പെട്ടി, ബാനം പാലങ്ങൾക്ക് 9.37 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും പുളിക്കാൽ പാലം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആനപ്പെട്ടി, ബാനം പാലങ്ങളുടെ പ്രവൃത്തി പുരോഗമിച്ചു വരുന്നു. റോഡ് പ്രവൃത്തിയുടെ ആകെ എസ്റ്റിമേറ്റ് തുകയായ 92.57 കോടിയിൽ പാലം നിർമാണത്തിന്റെ തുക കഴിച്ച് ബാക്കി വരുന്ന 83.19 കോടി രൂപയുടെ റോഡ് പ്രവൃത്തിക്കുള്ള ധനകാര്യ അംഗീകാരം നൽകണമെന്നാണ് സബ് മിഷനിൽ ആവശ്യപ്പെട്ടത്. റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുന്ന പക്ഷം പദ്ധതിക്ക് ധനകാര്യ അംഗീകാരം നൽകുമെന്ന് മന്ത്രി മറുപടി നൽകി.

No comments