ചന്ദ്രഗിരിപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി തളങ്കര തെരുവത്തെ സയ്യിദ് സക്കറിയ (21)യാണ് മരിച്ചത്
കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട്, ചൗക്കിയിലെ ക്വാർട്ടേഴ്സിൽ താമസക്കാരനും തളങ്കര, തെരുവത്തെ കുഞ്ഞിക്കോയ തങ്ങളുടെ മകനുമായ സയ്യിദ് സക്കറിയ (21)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സക്കറിയയുടെ സ്കൂട്ടി ചന്ദ്രഗിരി പാലത്തിൽ നിറുത്തിയ നിലയിൽ കണ്ടെത്തിയതോടെയാണ് പുഴയിൽ ചാടിയതായുള്ള സംശയം ഉയർന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ കണ്ടെത്താൻ കഴിയാതെ മടങ്ങി. ബുധനാഴ്ച രാവിലെ ചെമ്മനാട് ജമാഅത്ത് പള്ളിക്കു സമീപത്ത് പുഴയിൽ വള്ളിപടർപ്പുകൾക്ക് ഇടയിൽ കുരുങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം കരക്കെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നഗരത്തിൽ പഴം-പച്ചക്കറി വിൽപ്പന നടത്തി വരികയായിരുന്നു സക്കറിയയെന്ന് ബന്ധുക്കൾ പറഞ്ഞു.
മാതാവ്: ഫൗസിയ. സഹോദരങ്ങൾ: അറഫാത്ത്, സൈനുൽ ആബിദ്, റഹ്മത്ത് ബീവി. സക്കറിയയുടെ മരണത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
No comments