ആദൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ കൈകാണിച്ചപ്പോൾ നിർത്താതെ അമിത വേഗതയിൽ ഓടി പോയ കാർ അപകടത്തിൽപെട്ടു ; പിന്തുടർന്നെത്തിയ എക്സൈസ് അധികൃതർ കാറിനകത്ത് നടത്തിയ പരിശോധനയിൽ 140.6 ഗ്രാം സ്വർണ്ണം
കാസർകോട്: ആദൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ കൈകാണിച്ചപ്പോൾ നിർത്താതെ അമിത വേഗതയിൽ ഓടി പോയ കാർ അപകടത്തിൽപെട്ടു. പിന്തുടർന്നെത്തിയ എക്സൈസ് അധികൃതർ കാറിനകത്ത് നടത്തിയ പരിശോധനയിൽ 140.6 ഗ്രാം സ്വർണ്ണം, 339.2 ഗ്രാം വെള്ളി, 1,01700 രൂപ, 4 മൊബൈൽ ഫോണുകൾ, രണ്ടു ചുറ്റിക, പൊട്ടിയ പൂട്ട് എന്നിവ
കണ്ടെടുത്തു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കർണ്ണാടക ഭാഗത്തു നിന്നും വന്ന സ്വിഫ്റ്റ് കാറിനു എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് കെമു യൂണിറ്റിലെ പ്രിവന്റീവ് ഓഫീസർ എബി അബ്ദുള്ളയും സംഘവും കൈകാണിച്ചു. എന്നാൽ നിർത്താതെ മുന്നോട്ട് നീങ്ങിയ കാറിൽ സംശയം തോന്നിയ എക്സൈസ് സംഘം പിന്തുടർന്നു. പിടിയിലാകുമെന്ന സംശയത്തിൽ കാർ അമിത വേഗതയിലോടി. മുള്ളേരിയ-ബദിയഡുക്ക റോഡിലെ ബെള്ളിഗെയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചു. ഇതോടെ കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു. കാറിനകത്തു വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണ്ണവും വെള്ളിയും പണവും മറ്റും കണ്ടെത്തിയത്. തുടർന്ന് തൊണ്ടി മുതലുകൾ ആദൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ ഉണ്ടായിരുന്നത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന സൂചന ലഭിച്ചു. അപകടത്തിൽപ്പെട്ട കാറിൽ നിന്നു രക്ഷപ്പെട്ടത് കവർച്ചാ സംഘമായിരിക്കുമെന്നാണ് സംശയിക്കുന്നത്.
എക്സൈസ് കെമു പാർട്ടിയിൽ രാജേഷ്, മുഹമ്മദ് കബീർ ബിഎസ് എന്നിവരും ഉണ്ടായിരുന്നു. എക്സൈസ് കമ്മീഷണർ ജനാർദ്ദനന്റെ നിർദ്ദേശ പ്രകാരം പ്രിവന്റീവ് ഓഫീസർ അജീഷിന്റെ സഹായത്തോടെ തുടർ നടപടികൾ സ്വീകരിച്ചതായി എക്സൈസ് അറിയിച്ചു.
No comments