Breaking News

ആദൂരിൽ എക്സൈസ് സംഘത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത് കുപ്രസിദ്ധ അന്തർസംസ്ഥാന കവർച്ചക്കാരൻ യാസിംഖാനും സംഘവുമാണെന്നു സംശയം


കാസർകോട്: ആദൂർ, ബെള്ളിഗെയിൽ എക്സൈസ് സംഘത്തിൽ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ടത് കുപ്രസിദ്ധ അന്തർസംസ്ഥാന കവർച്ചക്കാരൻ യാസിംഖാനും സംഘവുമാണെന്നു സംശയം. പിടിയിലായ കാറിൽ ആദൂർ പൊലീസ് വിശദമായി നടത്തിയ പരിശോധനയിൽ നാല് ആധാർ കാർഡുകൾ കണ്ടെത്തിയതോടെയാണ് ഈ സംശയം ബലപ്പെട്ടത്. കണ്ടെടുത്ത ആധാർ കാർഡുകളിൽ ഒന്ന് യാസിംഖാന്റേതാണ്. മറ്റു മൂന്നു കാർഡുകളിൽ ഒന്ന് കർണ്ണാടക സ്വദേശിയുടേതും രണ്ടെണ്ണം മഹാരാഷ്ട്ര സ്വദേശികളുടേതുമാണ്. ബുധനാഴ്ച പുലർച്ചെ ആദൂർ ചെക്ക് പോസ്റ്റു വഴി വന്ന കാറിനു എക്സൈസിന്റെ മെമു ടീം കൈകാണിച്ചിരുന്നു. എന്നാൽ കാർ നിർത്താതെ മുള്ളേരിയ ഭാഗത്തേക്ക് ഓടി. മയക്കുമരുന്നു കടത്തു സംഘമായിരിക്കാം എന്നു കരുതി എക്സൈസ് സംഘം കാറിനെ പിന്തുടർന്നു. ഇതോടെ കാർ അമിതവേഗതയിലോടി മുള്ളേരിയ-ബദിയഡുക്ക കെ.എസ്.ടി.പി റോഡിലേക്ക് കടന്നു. ഇതിനിടയിൽ ബെള്ളിഗെയിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റിയ കാർ റോഡരുകിലെ കോൺക്രീറ്റ് ഭിത്തിയിലിടിച്ചു ടയർ പൊട്ടി. എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്നതിനിടയിൽ കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. രണ്ടു പേരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്നാണ് എക്സൈസ് വ്യക്തമാക്കിയത്. എന്നാൽ നാലു ആധാർ കാർഡുകൾ കണ്ടെടുത്തതോടെ കാറിനകത്തു കൂടുതൽ പേർ ഉണ്ടായിരുന്നുവോയെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. എക്സൈസ് സംഘം കാറിനകത്തു നടത്തിയ പരിശോധനയിൽ 140 ഗ്രാം സ്വർണ്ണം, 339 ഗ്രാം വെള്ളി, ഒരു ലക്ഷത്തിലധികം രൂപ, ചുറ്റിക, വാൾ, തകർന്ന പൂട്ട്, ചങ്ങല എന്നിവ കണ്ടെടുത്തിരുന്നു. രക്ഷപ്പെട്ടത് കവർച്ചക്കാരായിരിക്കുമെന്ന സംശയത്തിൽ കാറും തൊണ്ടി മുതലുകളും എക്സൈസ് അധികൃതർ ആദൂർ പൊലീസിനു കൈമാറി.
കർണ്ണാടകയിൽ എവിടെയെങ്കിലും കവർച്ച നടത്തിയ സംഘം മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടുന്നതിനിടയിലാണ് ബെള്ളിഗെയിൽ അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു.

No comments