മഞ്ചേശ്വരത്ത് കിണറിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി ഓട്ടോയും കിണറ്റിൽ
കാസർകോട് : മഞ്ചേശ്വരം അഡ്കപ്പളളയിൽ കിണറിനുള്ളിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ ഓട്ടോയും കിണറ്റിനുള്ളിൽ ഉണ്ട്. മംഗളൂരു മുൽക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ മരിച്ചുകിടക്കുന്ന കിണറ്റിൽ ഓട്ടോയും ഉണ്ടെന്നു പൊലീസ് പറഞ്ഞു. കിണറിനടുത്ത് നാട്ടുകാർ രാത്രിയിൽ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുൽക്കിയിൽ നിന്നു ഇയാളെ കാണാതായതെന്ന് പറയുന്നു. 11 മണിക്ക് ഇയാളെ കണ്ടവരുണ്ടെന്നു സൂചനയുണ്ട്. അതിനുശേഷം ബന്ധുക്കൾ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺസ്വിച്ച് ഓഫ് ആണ് എന്നായിരുന്നു മറുപടിയെന്നു പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് അഡ്ക പള്ളയിൽ ഒരു കിണറ്റിന് സമീപം ചോരപ്പാടുകൾ കണ്ടതെന്നു പറയുന്നു. അവർ ഇക്കാര്യം ഉടൻ പോലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ചോര അടയാളം പരിശോധിച്ച ശേഷം തൊട്ടടുത്തുള്ള കിണറ്റിൽ നോക്കിയപ്പോഴാണ് ഷെരീഫിന്റെ ജഡവും ഓട്ടോയും കിണറ്റിൽ കണ്ടെത്തിയത് എന്ന് പറയുന്നു. രാത്രി ആയതിനാൽ മൃതദേഹവും ഓട്ടോയും കരക്കെടുത്തിട്ടില്ല. വെള്ളിയാഴ്ച രാവിലെ കിണറ്റിൽ നിന്ന് ഇവപുറത്തെടുക്കും. തുടർന്ന് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തും. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് അറിയിച്ചു. ഷെരീഫ് മരിച്ച നിലയിൽ കാണപ്പെടുന്ന പ്രദേശം വൻ ചൂതാട്ട കേന്ദ്രമാണെന്നും സംസാരമുണ്ട്. എന്നാൽ ഇക്കാര്യവും സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. വിവരമറിഞ്ഞു നാട്ടുകാർ കൂട്ടമായി
സ്ഥലത്തെത്തിയിട്ടുണ്ട്.
No comments