Breaking News

മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരൻ തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗിനു മുന്നില്‍ ഹാജരാക്കിയ റാണയെ 18 ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അതീവസുരക്ഷയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് റാണയെ കോടതിയിലെത്തിച്ചത്. പുലര്‍ച്ചയോടെയാണ് കോടതി റാണയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. 20 ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിനായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ ഹാജരായി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയൂഷ് സച്ച്‌ദേവാണ് തഹാവൂര്‍ റാണയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികളടങ്ങുന്ന സംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി യുഎസിലുണ്ടായിരുന്നു. റാണയെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ ഐഎ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങള്‍ പൂര്‍ണമായി നീങ്ങിയത്.
പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലോസ് ആഞ്ചലസിലെ തടവുകേന്ദ്രത്തിലായിരുന്നു കഴിഞ്ഞിരുന്നത്.

No comments