മാലോം പുല്ലൊടി അംഗനവാടി കെട്ടിട നവീകരണത്തിൻ്റെ അനാസ്ഥയ്ക്കെതിരെ ബിജെപി പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : 2014 ൽ പ്രവർത്തനം ആരംഭിച്ച ബളാൽ പഞ്ചായത്തിലെ പുല്ലൊടി അംഗനവാടിയുടെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞ് വീണതോടെയാണ് അംഗനവാടിയുടെ സുരക്ഷിതത്വം നഷ്ടപ്പെട്ടത്. തൊട്ടടുത്തുള്ള സാരി കൊണ്ട് മറച്ച വാടക മുറിയിലാണ് ഇപ്പോൾ അംഗനവാടി പ്രവർത്തിക്കുന്നത്. അംഗനവാടിയുടെ നവീകരണത്തിനായി പഞ്ചായത്ത് തുക അനുവദിച്ചിരുന്നെങ്കിലും പൂർണ്ണതോതിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ
അംഗനവാടിക്ക് ചുറ്റുമതിലും പ്രവേശനകവാടവും ഒരുക്കണമെന്നാണ് ആവശ്യം. മാർച്ച് 31 ന് ഉള്ളിൽ നവീകരണ പ്രവർത്തി പൂർത്തീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും അംഗനവാടി പ്രവർത്തന സജ്ജമായിട്ടില്ല. സങ്കേതിക വിഭാഗത്തിൻ്റെ പിഴവാണ് പ്രവർത്തി വൈകാൻ കാരണമെന്നാണ് ആരോപണം. അധികൃതരുടെ ഭാഗത്തു നിന്ന് നടപടികൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ബി ജെ പി പുല്ലൊടി ബൂത്ത് കമ്മറ്റി നേതൃത്വത്തിൽ അംഗനവാടിക്ക് മുന്നിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വിനീത് മുണ്ടമാണി സമരം ഉദ്ഘാടനം ചെയ്തു. ബൂത്ത് കമ്മറ്റി പ്രസിഡണ്ട് വി. നാരായണൻ അധ്യക്ഷത വഹിച്ചു. കർഷക മോർച്ച ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണൻ ബളാൽ, സാജൻ പുഞ്ച, സാവിത്രി ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു. എം. ഹരീഷ് സ്വാഗതവും അരുൺ എസ്.വി നന്ദിയും പറഞ്ഞു.
No comments