'തോക്കിൻ മുനയില്‍ ഉറക്കെ കലിമ ചൊല്ലി, ഭാര്യ സിന്ദൂരം മായ്ച്ചു'; രക്ഷപ്പെട്ടത് വെളിപ്പെടുത്തി കോളേജ് അധ്യാപകന്‍
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിൽ നിന്ന്രക്ഷപ്പെട്ടത് കലിമ ചൊല്ലിയതിനാലെന്ന് കോളേജ് അധ്യാപകന്റെ വെളിപ്പെടുത്തൽ. അസമിലെ കോളേജ് അധ്യാപകനായ ദേവാശിഷ് ഭട്ടാചാര്യയാണ് കലിമ അറിയാമായിരുന്നതുകൊണ്ട് ഭീകരരിൽ നിന്ന് രക്ഷപ്പെട്ടത്. അടുത്തുള്ള രണ്ടു മൂന്നു പേർ കലിമ ചൊല്ലിയപ്പോൾ ദേവാശിഷ് ഭട്ടാചാര്യയും മത പ്രാർത്ഥന മെല്ലെ ചൊല്ലി. ഇത് കേട്ട ഭീകരർ തന്നെ വെറുതെ വിടുകയായിരുന്നുവെന്ന് ദേവാശിഷ് ഭട്ടാചാര്യ പറഞ്ഞു.
സിൽച്ചറിലെ അസം സർവകലാശാലയിൽ ബംഗാളി അധ്യാപകനാണ് 58 വയസ്സുകാരനായ പ്രൊഫസർ ദേബാഷിഷ് ഭട്ടാചാര്യ. ഇസ്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ചുള്ള തന്റെ അറിവാണ് ജീവൻ രക്ഷപ്പെടുത്താൻ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. പ്രൊഫസർ ഭട്ടാചാര്യ, ഭാര്യ മധുമിത ഭട്ടാചാര്യ, മകൻ ദ്രോഹദീപ് എന്നിവർ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയപ്പോഴാണ് ഭീകരാക്രമണം നടന്നത്. ഒരു മരത്തിനടിയിൽ കിടന്ന് വിശ്രമിക്കുമ്പോഴാണ് വെടിയൊച്ച കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളെ ഭയപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ബ്ലാങ്ക് ഷോട്ട് ആണെന്നാണ് ആദ്യം കരുതിയത്. എന്നാൽ വിനോദസഞ്ചാരികളെ വെടിവച്ചുകൊല്ലുന്നത് നേരിട്ട് കണ്ടപ്പോൾ പതറി. പരിഭ്രാന്തരായി കുടുംബം ഓടി ഒരു മരത്തിനടിയിൽ ഒളിച്ചു. ഞങ്ങളുടെ അടുത്തേക്ക് തോക്കുമായി ഒരാൾ നടക്കുന്നത് ഞാനും എന്റെ കുടുംബവും കണ്ടു. കറുത്ത മുഖംമൂടിയും കറുത്ത തൊപ്പിയും ധരിച്ച് ദമ്പതികളുമായി സംസാരിച്ചുകൊണ്ടിരുന്ന അയാൾ ഭർത്താവിനെ വെടിവച്ചു.
ശേഷം ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു. ഒരു കൈ അകലെ മറ്റൊരാളെ വെടിവച്ചു. ഇതിനിടെയാണ് കൂടെയുള്ളവരോട് കലിമ ചൊല്ലാൻ ആവശ്യപ്പെട്ടത്. ഒടുവിൽ തന്റെ ഊഴമായി. താൻ ഉറക്കെ കലിമ ചൊല്ലാൻ തുടങ്ങിയതോടെ വെടിവെക്കാതെ വെറുതെ വിട്ടു. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യ മധുമിത അവരുടെ മതപരമായ വ്യക്തിത്വം മറച്ചുവെക്കാൻ വേഗത്തിൽ പ്രവർത്തിച്ചു. പരമ്പരാഗത ഹിന്ദു വളകൾ പോലുള്ള അവരുടെ വിശ്വാസത്തിന്റെ അടയാളങ്ങൾ നീക്കം ചെയ്യുകയും, ഹിന്ദുക്കളല്ലെന്ന് തെളിയിക്കാൻ സിന്ദൂരം തുടയ്ക്കുകയും ചെയ്തു.
ഭീകരർ പോയതോടെ അവർ വേഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറി. വേലി ചാടിക്കടന്ന് കുതിരപ്പാതകൾ പിന്തുടർന്ന് 2.5 കിലോമീറ്റർ നടന്നു. നാട്ടുകാരുടെയും അവരുടെ ഗൈഡിന്റെയും സഹായത്തോടെ ശ്രീനഗറിലെ അവരുടെ ഹോട്ടലിൽ സുരക്ഷിതമായി തിരിച്ചെത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതസ്പർദ്ധ വളർത്താനും ലഹളയുണ്ടാക്കാനുമുള്ള വൻ ഗൂഢാലോചനയാണ് ഭീകര സംഘടനകളും പാകിസ്ഥാനും നടത്തിയത് എന്ന് തെളിയിക്കുന്നതാണ് ഭീകരാക്രമണത്തിന്റെ ദൃക്സാക്ഷികൾ നൽകുന്ന വിവരങ്ങൾ. മതം ഏതെന്ന് ചോദിച്ചപ്പോൾ തമാശയായാണ് ആദ്യം കണ്ടത് എന്ന് കൊല്ലപ്പെട്ട കാൺപൂർ സ്വദേശി ശുഭം ദ്വിവേദിയുടെ സഹോദരി ഷാംഭവി വിശദീകരിച്ചു.
ഫെബ്രുവരിയിൽ വിവാഹം കഴിഞ്ഞ കാൺപൂർ സ്വദേശിയായ ശുഭം ദ്വിവേദി അച്ഛനമ്മമാർക്കും ഭാര്യക്കും സഹോദരിക്കും ഒപ്പമാണ് കാശ്മീരിലേക്ക് പോയത്. ബൈസരൻ താഴ്വരയിൽ ശുഭം ദ്വിവേദി സഹോദരി ഷാംഭവിക്കൊപ്പം ഇരിക്കുമ്പോഴാണ് ഭീകരർ അടുത്തെത്തിയത്. മാതാപിതാക്കളും ഭാര്യയും അൽപം മാറി നിൽക്കുകയായിരുന്നു. ഭീകരൻ അടുത്തെത്തി ഹിന്ദുവാണോ മുസ്ലിമാണോ എന്നാണ് ചോദിച്ചതെന്ന് ഷാംഭവി പറഞ്ഞു. തമാശയായി കണ്ടു ചിരിച്ചപ്പോൾ ഭീകരൻ ചോദ്യം ആവർത്തിച്ചു. അതിനുശേഷം ശുഭം ദ്വിവേദിയെ വെടിവെക്കുകയായിരുന്നുവെന്ന് സഹോദരി വിവരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ശൈലേഷ് കൽത്തിയ ഭാര്യക്കൊപ്പമാണ് പഹൽഗാമിൽ എത്തിയത്. അടുത്തെത്തിയ ഭീകരർ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തരംതിരിച്ച് നിർത്തുകയും കലിമ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് ചെയ്യാത്തവരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു എന്ന് ഭാര്യ ശീതൾ കൽത്തിയ മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ലഷ്കറെ ത്വയ്ബ കാശ്മീരിനുള്ളിലും ഇന്ത്യയിലാകെയും മതസ്പർദ്ദ പരത്താൻ ലക്ഷ്യമിട്ടു എന്നാണ് പ്രതികരണങ്ങൾ തെളിയിക്കുന്നത്. കാശ്മീരിലെ ജനങ്ങൾ തന്നെ ഇത് തള്ളിരംഗത്ത് വന്നതോടെ ലഷ്കറെ ത്വൈബയുടെ ഈ പദ്ധതി പൊളിഞ്ഞിരിക്കുകയാണ്.
No comments