മോഷണ വസ്തുക്കളുമായി തമിഴ്നാട് സ്വദേശി രാജപുരം പോലീസിന്റെ പിടിയിൽ
രാജപുരം : മോഷണ വസ്തുക്കളുമായി തമിഴ്നാട് സ്വദേശി പൊലീസ് കസ്റ്റഡിയിൽ.
പാണത്തൂർ ടൗണിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട തമിഴ്നാട് സ്വദേശി സെൽവനെയാണ് (51) രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പറഞ്ഞ വിലാസത്തിൽ സംശയം തോന്നിയതിനാൽ കൈവശമുണ്ടായിരുന്ന ബാഗ്
പൊലീസ് പരിശോധിച്ചു. ലാപ്ടോപ്പുകളും മറ്റ് ഉപകരണങ്ങളും കെഎസ്ആർടിസി ബസ്സിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ടിക്കറ്റ് റാക്കറ്റും ടിക്കറ്റുകളും ഇയാളിൽനിന്ന് കണ്ടെത്തി. തലശേരി റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിനിൽനിന്ന് മോഷ്ടിച്ചതാണ് ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇതിന് കണ്ണൂർ റെയിൽവേ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. കണ്ണൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രാജപുരം സ്റ്റേഷനിലെത്തി പ്രതിയെയും ലാപ്ടോപ്പ് അടക്കമുള്ള മറ്റ് സാധനങ്ങളും കൊണ്ടുപോയി. ഇയാളുടെ
കൈവശമുണ്ടായിരുന്ന ടിക്കറ്റ് റാക്കറ്റ് പാണത്തൂരിൽനിന്നും സുള്ള്യയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽനിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് കണ്ടക്ടർ കാഞ്ഞങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ എസ്ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
No comments